അഫ്ഗാനില്‍ സംഗീതോപകരണങ്ങള്‍ക്ക് വിലക്ക് 

കാബൂള്‍-  അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ താലിബാന്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സംഗീതോപകരണങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെയും പിരിച്ചുവിട്ടിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കാബൂളിലെ നോര്‍വീജിയന്‍ എംബസി ഇപ്പോള്‍ താലിബാന്റെ കൈയിലാണ്. താലിബാന്‍, എംബസി പിടിച്ചെടുത്തതിന് പിന്നാലെ ചെയ്ത കാര്യം മദ്യക്കുപ്പികള്‍ തകര്‍ത്തെറിയുകയായിരുന്നുവെന്ന് അംബാസര്‍ സിഗ്വാള്‍ഡ് ഹോഗ് ട്വീറ്റ് ചെയ്തു. എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാന്‍ ഭീകരവാദികള്‍ നശിപ്പിച്ചുവെന്ന് ഹോഗ് ട്വീറ്റ് ചെയ്തു.
കാബൂളിലെ എംബസി അടയ്ക്കുന്നതായി ഡെന്‍മാര്‍ക്കും നോര്‍വെയും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. സ്ഥിതി മോശമായതിനാല്‍ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നായിരുന്നു ഡെന്‍മാര്‍ക്കും നോര്‍വെയും വ്യക്തമാക്കിയത്.
ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് കൊണ്ട് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. എന്ത് പി.ജിയും പിഎച്ച്ഡിയും, ഞങ്ങള്‍ മഹാന്മാരായത് സ്‌കൂളില്‍ പോയിട്ടോ? എന്നായിരുന്നു താലിബാന്‍ വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീര്‍ പറഞ്ഞത്. താലിബാന്‍ ഭരണത്തിന് കീഴിലെ വിദ്യാഭ്യാസവും ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ സര്‍വകലാശാലകള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടകലരുന്ന യാതൊരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ കോളേജുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Latest News