കുറഞ്ഞ ചെലവിൽ പഠിച്ചുയരാൻ ഐ.ജി.എൻ.ടി.യു

മികച്ച പഠനാനാനുഭവം ആഗ്രഹിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുക്കാവുന്ന  ആകർഷണീയമായ ഒരു കേന്ദ്ര സർവകലാശാലയാണ് മധ്യപ്രദേശിലെ അമർകന്തിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി(ഐ. ജി.എൻ. ടി.യു). വളരെ കുറഞ്ഞ ചെലവിൽ മികച്ച പഠനാവസരം ലഭിക്കാനുള്ള ശ്രദ്ധേയമായ സാഹചര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫാർമസി പോലെയുള്ള ചില കോഴ്‌സുകൾ മാറ്റി നിർത്തിയാൽ മിക്ക കോഴ്‌സുകൾക്കും സെമസ്റ്ററിൽ വെറും 3000 രൂപ മാത്രമാണ് പഠന ചെലവ് എന്നതോർക്കണം. ബിരുദ -ബിരുദാനന്തര തലങ്ങളിലായി അറുപതോളം കോഴ്‌സുകളാണ് ഐ.ജി.എൻ.ടി.യു ഒരുക്കിയിട്ടുള്ളത്. കൂടാതെ ഗവേഷണ മേഖലയിലും ശ്രദ്ധേയമായ പഠനാവസരങ്ങളുണ്ട്.  
എല്ലാ വിദ്യാർത്ഥികൾക്കും കുറഞ്ഞ ചെലവിൽ കാമ്പസിൽ തന്നെ താമസിച്ച് പഠിക്കാൻ സാധിക്കുമെന്നത്  പ്രധാന സവിശേഷതയാണ്. 
അമർകന്തിലെ പ്രധാന കാമ്പസിന് പുറമെ ഐജിഎൻടി യുവിന്  മണിപ്പൂരിൽ ഒരു പ്രാദേശിക കാമ്പസ് കൂടിയുണ്ട്.

ഐ.ജി.എൻ.ടി.യു കാമ്പസിൽ പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന കോഴ്‌സുകളിലെ പ്രധാന വിഷയങ്ങൾ

ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഫിലോസഫി, ഹിസ്റ്ററി, പ്രാചീന ഇന്ത്യാ ചരിത്രം, കൾച്ചർ ആൻഡ് ആർക്കിയോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, മ്യൂസിയോളജി, ലിംഗ്വിസ്റ്റിക്ക് ആൻഡ് കോൺട്രാസ്റ്റീവ് സ്റ്റഡി ഓഫ് ട്രൈബൽ ലാംഗ്വേജ്, ട്രൈബൽ സ്റ്റഡീസ്ആർട്ട്കൾച്ചർ& ഫോക്ക് ലിറ്ററേച്ചർ, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, സുവോളജി, ബോട്ടണി, കെമിസ്ട്രി, ബയോടെക്‌നോളജി, എൻവയോൺമെന്റൽ സ്റ്റഡീസ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, യോഗിക് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ടൂറിസം മാനേജ്‌മെന്റ്, കോമേഴ്‌സ്.കൂടാതെ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ്, തിയേറ്റർ, സ്‌റ്റേജ്ക്രാഫ്റ്റ്, ഫിലിം പ്രൊഡക്ഷൻ ആൻഡ് മീഡിയ ടെക്‌നോളജി, അഗ്രിക്കൾച്ചർ സയൻസ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ബി.വോക് പ്രോഗ്രാമുകൾ, ബി.ഫാം, ഡി.ഫാം എന്നീ പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയുമുണ്ട്. ഇതിനു പുറമെ എം.എ , എം.എസ്‌സി, എം.കോം, എം.ബി.എ, എം.സി.എ, എം.ഫാം, എം.വോക് എന്നീ കോഴ്‌സുകളും ഉണ്ട്.
ബിരുദ കോഴ്‌സുകളിലെ പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനം ഓൺലൈൻ  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുമാണ്.www.igntu.ac.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 20 വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ/ഇ.ഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന് 300 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.

ടിസ്സിൽ ബിരുദ കോഴ്‌സിന് 13 വരെ അപേക്ഷിക്കാം

ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (TISS) ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 
സോഷ്യൽ വർക്ക്, സോഷ്യൽ വർക്ക് ഇൻ റൂറൽ ഡവലപ്പ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അസമിലെ ഗുവാഹതി, മഹാരാഷ്ട്രയിലെ തുൽജാപൂർ എന്നീ കാമ്പസുകളിലാണ് കോഴ്‌സുകളുള്ളത്. ഈ കോഴ്‌സുകളെ സംബന്ധിച്ച് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സ്ഥാപങ്ങളിലൊന്നായി ടിസ്സിനെ പരിഗണിക്കാം.
ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. എൻട്രൻസ്  പരീക്ഷ വഴിയാണ് പ്രവേശനം.
ഗുവാഹതി കാമ്പസിൽ സോഷ്യൽ സയൻസിലും തുൽജാപൂർ കാമ്പസിൽ സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക് ഇൻ റൂറൽ ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളുമാണുള്ളത്. രണ്ട് കാമ്പസുകളിലുമായി 120 സീറ്റുകളാണുള്ളത്. സെപ്റ്റംബർ 13 നകം  http://admissions.tiss.edu/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ
[email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ  പി.ടി ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.

Latest News