തിരുവനന്തപുരം- കേരളത്തിൽ കോൺഗ്രസിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകുമെന്ന് കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ് നടത്തിയ ശില്പശാലക്ക് ശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ. 140 മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വനിതകൾക്ക് നൽകും. അച്ചടക്കലംഘനം ഗൗരവത്തോടെ കാണുമെന്നും ഗ്രൂപ്പ് യോഗം വിളിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ജില്ലാ അടിസ്ഥാനത്തിൽ അച്ചടക്ക സമിതി രൂപീകരിക്കും. പാർട്ടിയോടുള്ള വിമർശനം ഫെയ്‌സ്ബുക്കിലും സോഷ്യൽ മീഡിയയിലും അനുവദിക്കില്ല. വിമർശനങ്ങൾ പാർട്ടി ഫോറങ്ങളിൽ മതി. പാർട്ടി അവഹേളിച്ചാൽ നടപടി സ്വീകരിക്കും. നേതാക്കളുടെ ചിത്രങ്ങളുള്ള ഫഌക്‌സ് ബോർഡുകൾ അനുവദിക്കില്ല. ഒരാൾക്ക് ഒരു പദവി മാത്രമേ ഇനിയുണ്ടാകൂ. ജാഥ, പൊതുപരിപാടികൾ എന്നിവയ്ക്കും ക്രമീകരണം ഏർപ്പെടുത്തും. പ്രസംഗിക്കാനുള്ളവർ മാത്രമേ സ്റ്റേജിലുണ്ടാകൂ. സാഹിത്യ, പത്രപ്രവർത്തന അവാർഡുകൾ ഏർപ്പെടുത്തും. കേരളത്തിൽ ഗാന്ധി സന്ദർശിച്ച സ്ഥലങ്ങളിൽ പദയാത്ര നടത്തും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്‌റു മതേതര യാത്രകളും നടത്തും. ചർക്കയുടെ ചിത്രം ആലേഖനം ചെയ്ത പാർട്ടി പതാക ഉപയോഗിക്കാൻ പ്രവർത്തകരെ നിർബന്ധിക്കും.