ജിദ്ദ- നാട്ടില്‍നിന്ന് രണ്ട് ഡോസ് എടുത്തെങ്കിലും സൗദിയിലെ തവക്കല്‍നാ ആപ്പില്‍ ചേര്‍ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികള്‍ ഇപ്പോഴും ധാരാളമാണ്. ജോലി ചെയ്യുന്നതിനടക്കം സകല കാര്യങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായതോടെ നാട്ടില്‍വെച്ച് രണ്ട് കുത്തിവെപ്പെടുത്ത കാര്യം മറച്ചുവെച്ച് സൗദിയില്‍ വാക്‌സിനേഷന് ബുക്ക് ചെയ്യുന്നവര്‍ നിരവധിയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മലയാളികളേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാനക്കാരാണ് ഡോസുകളുടെ എണ്ണം പരിഗണിക്കാതെ മൂന്നും നാലും ഡോസ്് കുത്തിവെപ്പെടുക്കുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ സമ്മര്‍ദമാണ് പലരേയും മൂന്നും നാലും ഡോസ് വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയുന്നു. ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും നിര്‍ബന്ധിതാവസ്ഥയിലായ പ്രവാസികള്‍ അതൊന്നും പരിഗണിക്കുന്നില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജോലിക്ക് നിര്‍ത്തിയതിനെ തുടര്‍ന്ന് സൗദിയുടെ പല ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുമുണ്ട്.
നാട്ടില്‍വെച്ച് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തെങ്കിലും തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസിനായി നിരന്തരം ശ്രമിച്ച മലയാളികളിലൊരാള്‍
സൗദിയില്‍ പുതുതായി ആദ്യഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ ഭയന്നുവിറച്ചു. തുടര്‍ന്ന് വാക്‌സിന്‍ കേന്ദ്രത്തിലെ നഴ്‌സിനോട് നാട്ടില്‍വെച്ച് രണ്ട് ഡോസ് സ്വീകരിച്ച കാര്യം പറയുകയായിരുന്നു. നഴ്‌സ് ഉടന്‍ തന്നെ വാക്‌സിന്‍ കേന്ദ്രത്തിലെ അധികൃതരെ വിവരമറിയിച്ചു. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ച് മലയാളിയെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍നിന്ന് തിരിച്ചയക്കുകയായിരുന്നു.