കൊച്ചി- പ്രശസ്ത വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെ കുറിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്ററേട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടതും നീക്കം ചെയ്തതും.
കോവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികള്‍ക്ക് ദേവസ്വം അനുമതി നല്കിയതെന്നതു സംബന്ധിച്ച് തിങ്കളാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം. തങ്ങളുടെ അറിവില്ലാതെ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ബോര്‍ഡുകളും മറ്റും വെച്ചതെന്ന് ദേവസ്വം ചെയര്മാന് വ്യക്തമാക്കി.






