Sorry, you need to enable JavaScript to visit this website.

ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു, പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

തിരുവനന്തപുരം- മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പ്രസ്താവന തീർത്ത  വിവാദങ്ങൾക്കിടെ മുൻ മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇ.ഡി) മുന്നിൽ ഇന്ന് ജലീൽ മൊഴി കൊടുക്കാൻ പോകുന്നുണ്ട്. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലിനാണ് ജലീൽ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകുക. 
സഹകരണബാങ്കിൽ ഇ.ഡി അന്വേഷണം എന്ന ആവശ്യം പാർട്ടി വിരുദ്ധമെന്നു മുഖ്യമന്ത്രി അറിയിച്ചു. പ്രസ്താവനകളിൽ ജാഗ്രത വേണം. എന്നാൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി.ജലീൽ അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചതായി കെ.ടി. ജലീൽ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും.

2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരുമെന്നും ജലീൽ വ്യക്തമാക്കി.
 

Latest News