Sorry, you need to enable JavaScript to visit this website.

കാബൂളിൽ വിദേശ എംബസികൾക്കടുത്ത് താലിബാൻ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു

കാബൂൾ- അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താലിബാൻ നടത്തിയ ബോംബാക്രമണത്തിൽ ചുരുങ്ങിയത് 40 പേർ കൊല്ലപ്പെട്ടു. 140ഓളം പേർക്ക് പരിക്കേറ്റു. വിദേശ എംബസികൾക്കും സർക്കാർ കാര്യാലയങ്ങൾക്കും സമീപത്തെ ചെക്ക് പോസ്റ്റിനടുത്താണ് സ്‌ഫോടക വസ്തുക്കൾ നിറച്ചെത്തിയ ആംബുലൻസ് പൊട്ടിത്തെറിച്ചത്. ജനത്തിരക്കേറിയ പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. എംബസികൾക്കും സർക്കാർ ഓഫീസുകൾക്കും പുറമെ യൂറോപ്യൻ യൂണിയൻ അടക്കം പല ഉന്നത വിദേശ സംഘടനകളുടെ ഓഫീസുകളും സ്ഥിതി ചെയ്യുന്ന തന്ത്ര പ്രധാനമായ സ്ഥലത്ത് ബോംബാക്രമണമുണ്ടായത് അധികൃതരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകുകയാണെന്നറിയിച്ചാണ് ആക്രമി ആംബുലൻസുമായി ആദ്യ ചെക്ക് പോസ്റ്റ് കടന്നതെന്നും രണ്ടാം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ ഇയാളെ അധികൃതർ തിരച്ചറിഞ്ഞു. ഇതോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് നസറത്ത് റഹിമി പറഞ്ഞു. തൊട്ടടുത്ത ചെറിയ കെട്ടിടങ്ങൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. കാബൂൽ പോലീസ് ആസ്ഥാനവും സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്താണ്. സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, ഷോപ്പുകൾ തുടങ്ങി വിദേശികൾ എത്തുന്ന ഇടങ്ങൾ ലക്ഷ്യമിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ആക്രമണം നടത്താൻ ഒരുങ്ങുന്നതായും ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ടും ശനിയാഴ്ച അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.

Latest News