ലാഹോര്‍- വനിതാ അധ്യാപകര്‍ ജീന്‍സും ഇറുകിയ വസ്ത്രങ്ങളും ധരിക്കരുതെന്നും പുരുഷ അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ഉപയോഗിക്കരുതെന്നും പാക്കിസ്ഥാനിലെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷന്‍ ഉത്തരവ്. ഇതു സംബന്ധിത്ത് അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂള്‍, കോളെജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ചു. അധ്യാപകര്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കുകയും വ്യക്തി ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാധരണ പോലെ മുടിവെട്ടി, താടി ഒതുക്കിവെട്ടി, നഖം മുറിച്ച്, കുളിച്ച് വൃത്തിയായി പെര്‍ഫ്യൂം ഉപയോഗിക്കണമെന്നും വരെ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാക്കിസ്ഥാനിലെ അധ്യാപകര്‍ അവരുടെ ജോലി സമയത്തും കാമ്പസിലും ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറിയില്‍ എല്ലാ അധ്യാപകരും ടീച്ചിങ് ഗൗണും ലാബുകളില്‍ ലാബ് കോട്ടുകളും ധരിക്കണം. ഇതിനു പുറമെ സ്‌കൂളുകളിലെ മറ്റു ജീവനക്കാര്‍ക്കും ഗേറ്റ് കാവല്‍ക്കാര്‍ക്കും പ്രത്യേക യുനിഫോം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.