പാണ്ടിക്കാട്- പത്തു വര്‍ഷം മുമ്പു നടന്ന അടക്ക മോഷണ കേസിലെ പ്രതിയെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 2011 ആഗസ്റ്റ് 23 ന് ചെമ്പ്രളേരി കുറത്തിതൊടികയിലെ കെട്ടിടം കുത്തി തുറന്നു മുറിക്കകത്തു സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന 10 ചാക്ക് കൊട്ടടക്ക മോഷ്ടിച്ച കേസിലെ പ്രതി മഠത്തില്‍ മുഹമ്മദാലി (52) യാണ് പിടിയിലായത്. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളോളം കോടതിയില്‍ ഹാജരാകാതിരുന്ന പ്രതി പോലീസിനെ കബളിപ്പിച്ചു മുങ്ങി നടക്കുകയായിരുന്നു. ഇയാളെ അഞ്ചു വര്‍ഷം മുമ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
പ്രതിയുടെ യഥാര്‍ഥ വിലാസത്തിലും ബന്ധുവീടുകളിലും നാട്ടിലും അന്വേഷിച്ചതില്‍ നിന്നു ഇയാള്‍ ബന്ധുക്കളോ നാട്ടുകാരുമായോ യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ലെന്നും സംസ്ഥാനത്തിനു പുറത്തു എവിടെയോ ജീവിച്ചിരിപ്പുണ്ടാകാമെന്നും മാത്രമാണ് പോലീസിന് അറിയാന്‍ കഴിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതി ഗൂഢല്ലൂര്‍ ഭാഗത്ത് ഉണ്ടെന്നു പോലീസിന് കണ്ടെത്താനായി. തുടര്‍ന്നു ഗൂഢല്ലൂര്‍ ടൗണിലും ഉള്‍പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍ മുഹമ്മദാലി മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസിക്കുകയാണെന്നും ഗോവ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരമായി പോകാറുണ്ടെന്നും കണ്ടെത്തിയിരുന്നു. സ്ഥലത്തെ ഇന്‍ഫോര്‍മര്‍മാരുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പ്രതിയെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റിലേക്കു നീങ്ങിയത്. പാണ്ടിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ റഫീഖിന്റെ നിര്‍ദേശ പ്രകാരം മിര്‍ഷാദ് കൊല്ലേരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിപിഒമാരായ ശ്രീജിത്ത്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
(ചിത്രം)
അറസ്റ്റിലായ മുഹമ്മദാലി.






