എയര്‍സെല്ലിനെ കബളിപ്പിച്ച് 1.76 കോടിയുടെ വിദേശ വിളി, യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി- നിരവധി എയര്‍സെല്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കി 1.76 കോടി രൂപയുടെ അന്താരാഷ്ട്ര കോളുകള്‍ വിളിച്ച ശേഷം മുങ്ങിയ 36 കാരന്‍ ഒടുവില്‍ പിടിയിലായി.
11 വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രതി പിടിയിലായത്. 2017 ല്‍ ഇയാളെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പല കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 2010 ലാണ് എയര്‍സെല്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പിനെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്.
ജയിത്പുര്‍ പ്രദേശത്തുനിന്നാണ് ചിത്രേഷ് മോഹന്‍ ശര്‍മ എന്നയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ദീപക് റാവത്ത് എന്ന പേരിലാണ് ശര്‍മ സിം കാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി പത്ത് മൊബൈല്‍ കണക്്ഷനുകള്‍ നേടിയിരുന്നുവെന്ന് എയര്‍സെല്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പത്ത് പോസ്റ്റ് പെയ്ഡ് നമ്പറിലും ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ആവശ്യപ്പെട്ടിരുന്നു. നേപ്പാളില്‍നിന്ന് ചിലര്‍ അന്താരാഷ്ട റോമിംഗ് കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് നേപ്പാള്‍ ടെലിക്കോം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എയര്‍സെല്‍ ഇക്കാര്യം പരിശോധിച്ചത്. നേപ്പാളില്‍നിന്ന് യു.എസ്.എയിലേക്കും മാലദ്വീപിലേക്കുമാണ് കോളുകള്‍ പോയിരുന്നത്. സമാനമായ മറ്റു രണ്ട് കേസുകളിലും അറസ്റ്റിലായ ശര്‍മ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News