Sorry, you need to enable JavaScript to visit this website.

ജാമിദയുടെ ജുമുഅ നനഞ്ഞ പടക്കമായതെങ്ങിനെ?...

ചേകനൂർ മൗലവി നേതൃത്വം നൽകിയ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ വനിതാവിഭാഗം നേതാവ് ജാമിദ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ജുമുഅ നമസ്‌കാരം വിവാദമാക്കി നേട്ടം കൊയ്യാമെന്ന  സംഘ്പരിവാർ അടക്കമുള്ള ശക്തികളുടെ ആഗ്രഹം ലക്ഷ്യത്തിലെത്തിയില്ല. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ ജാമിദ ടീച്ചറുടെ നമസ്‌കാരത്തിന് സംരക്ഷണം നൽകുമെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, ജാമിദ ടീച്ചർ ജുമുഅ നിർവഹിച്ച ചേകനൂർ വിഭാഗത്തിന്റെ വണ്ടൂരിലെ ഓഫീസ് കം പള്ളിക്ക് മുന്നിൽ പ്രതിഷേധവുമായി ഒരാൾ പോലും എത്തിയില്ല. ചില ചാനൽ പ്രവർത്തകർ മാത്രമാണ് ജുമുഅ ചിത്രീകരിക്കാനായി എത്തിയത്. സോഷ്യൽ മീഡിയയിൽ മാത്രമാണ് ജാമിദ ടീച്ചറുടെ ജുമുഅ ചർച്ചയായതും. മതപണ്ഡിതൻമാർ പോലും ഇതിനെതിരെ രംഗത്തെത്തിയില്ല. കാര്യമായ ചർച്ച ആരും നടത്തായതോടെ ഖുത്തുബ നനഞ്ഞ പടക്കമായി. 
അതേസമയം, ഹാദിയ പ്രശ്‌നത്തിൽ സംഘ്പരിവാറിനെ ശക്തമായി പിന്തുണച്ച ജാമിദ ടീച്ചറെ രംഗത്തിറക്കി നേട്ടം കൊയ്യാനായിരുന്നു ലക്ഷ്യമിട്ടത്. ജാമിദയുടെ നീക്കത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തിറങ്ങുമെന്നും ഇതിനെ പ്രതിരോധിക്കാമെന്നുമായിരുന്നു സംഘ്പരിവാർ സംഘടനകൾ ഉന്നമിട്ടത്. ജാമിദക്ക് സംരക്ഷണം ഒരുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, മുസ്്‌ലിം സംഘടനകളിൽനിന്നും ഒരാൾ പോലും ജാമിദയുടെ നീക്കത്തെ പറ്റി പ്രതികരിച്ചില്ല. കാര്യമായ പിന്തുണ സ്വന്തം ഗ്രൂപ്പിൽനിന്ന് പോലും ജാമിദക്ക് ലഭിച്ചില്ലെന്നാണ് സൂചന. ജാമിദയെ ഉപയോഗിച്ച് ചേകനൂർ വിഭാഗത്തിന്റെ ഖുർആൻ സുന്നത്ത് സൊസൈറ്റിയെ തന്നെ പുറമേനിന്നുള്ളവർ ഹൈജാക്ക് ചെയ്തുവെന്നാണ് ഇവരുടെ ആക്ഷേപം. ഖുത്തുബ നടത്താനുള്ള തീരുമാനം പോലും ജാമിദ തന്നെ മുന്നോട്ടുവെക്കുകയും നടപ്പാക്കുകയുമായിരുന്നു. ജാമിദയുടെ ഖുത്തുബയും നമസ്‌കാരവും ഇനി തുടരില്ലെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി നേതാക്കളും പറയുന്നത്. 
ജാമിദയെ കരുവാക്കി നേരത്തെയും സംഘ്പരിവാർ നേട്ടം കൊയ്യാനുള്ള നീക്കം നടത്തിയിരുന്നു. ഇവരുടെ കൊയിലാണ്ടിയിലെ വീടിന് നേരെ അക്രമണം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘ്പരിവാർ പ്രചാരണം നടത്തിയത്. എന്നാൽ, പോലീസ് അന്വേഷണത്തിൽ മദ്യപാനിയാണ് അക്രമണം നടത്തിയത് എന്ന് തെളിഞ്ഞു. ഹാമിദ ടീച്ചർക്ക് നേരെ മതതീവ്രവാദികളുടെ അക്രമണം എന്ന പേരിലായിരുന്നു ഈ സംഭവത്തെ സംഘ്പരിവാർ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ വീടിന് നേരെ അക്രമം നടത്തിയത് മദ്യപാനിയാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതോടെ ഈ നീക്കം നിലക്കുകയായിരുന്നു. ഹാദിയയെ തിരികെ ഹിന്ദുമതത്തിലേക്ക് തന്നെ കൊണ്ടുവരാൻ ജാമിദ ടീച്ചർ ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി ഹാദിയയെ നേരിൽ സന്ദർശിച്ചതോടെയാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘ്പരിവാർ സംഘടന ജാമിദ ടീച്ചർക്കൊപ്പം കൂടിയത്. തുടർന്നുള്ള ചാനൽ ചർച്ചകളിലും സംഘ്പരിവാർ സംഘടനകൾക്ക് അനുകൂലമായ നിലപാടാണ് ജാമിദ ടീച്ചർ സ്വീകരിച്ചത്. 
ഇതിനിടെയാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി ഇവർ രംഗത്തെത്തിയത്. ഇതിനെതിരെ മുസ്്‌ലിം സംഘടനകൾ എതിർപ്പുമായി രംഗത്തെത്തുമെന്നും ഇതുവഴി ആവിഷ്‌കാര സ്വാതന്ത്ര്യം സംബന്ധിച്ച ചർച്ചകൾ ഉയർത്താമെന്നുമായിരുന്നു സംഘ്പരിവാർ സംഘടനകൾ ഉദ്ദേശിച്ചിരുന്നത്. എന്നാൽ മുസ്്‌ലിം സംഘടനകൾ കൃത്യമായ മൗനം പാലിച്ചതോടെ ജാമിദയുടെ ഖുത്തുബയും നമസ്‌കാരവും നനഞ്ഞ പടക്കമാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തിയ എതിർപ്പും ആരും ഗൗനിച്ചില്ല.
 

Latest News