കൊണ്ടോട്ടി- ഭര്‍തൃമതിയും ഒരുകുട്ടിയുടെ അമ്മയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ മുകന്ദപുരം കൊല്ലേത്ത് പുത്തന്‍വീട് വീട്ടില്‍ നിസാമുദ്ധീ(39) നെയാണ് കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. മുതുവല്ലൂര്‍ നീറാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 19 ഷെയര്‍ചാറ്റ് മുഖേനയും വീഡിയോകോള്‍ മുഖേനയും പരിചയത്തിലായ പ്രതി യുവതിയെ പ്രണയം നടിച്ച് നീറാടുള്ള വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ കയറ്റികൊണ്ടുപോയി എറണാകുളത്തും കോഴിക്കോടുമുള്ള ലോഡ്ജില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ച് തിരിച്ചുനല്‍കാതെ ചതിച്ചുവെന്നുമാണ് പരാതി.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപെട്ടതോടെ എട്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 26ന് കൊണ്ടോട്ടിയില്‍ കൊണ്ടുവന്ന് യുവതിയെ പ്രതി ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഫാസ്റ്റ്ഫുഡ് ഷോപ്പുകളില്‍ ജോലിചെയ്തുവരികായിരുന്ന പ്രതി കാസര്‍കോട് ചെറുവത്തൂരിലുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്തതായി അറിവായതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതി ഇതുപോലെ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കിയ ആളാണെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഡി.വൈ.എസ്.പി കെ. അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍ എം.സി പ്രമോദ്, എസ്.ഐ ദിനേശ്കുമാര്‍, സി.പി.ഒ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.






