കാസര്‍കോട്- പൊടിയും ഉണ്ടയും വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ കോവിഡ് രോഗം മാറുമെന്ന ബാനര്‍ കണ്ടാണ് ഉപ്പളയിലെ കുറെ ആളുകള്‍ പച്ചമരുന്ന് ചികിത്സകന്റെ അടുത്തെത്തിയത്. പറയുന്നതു പോലെ ചെയ്താല്‍ നാല് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദമാക്കാമെന്നായിരുന്നു ഉപ്പള മണിമുണ്ടയിലെ ചികിത്സാകേന്ദ്രത്തില്‍ എത്തിയവരോട് വൈദ്യന് ഉറപ്പ് നല്‍കിയത്. തുടക്കത്തില്‍ ഇയാളുടെ ഉറപ്പില്‍ വിശ്വസിച്ച് ഏതാനും പേര് ചികിത്സ തേടിയെത്തി. രണ്ടാഴ്ച പിന്നിട്ടതോടെ ചിലര്‍ക്ക് സംശയം തോന്നി. പരാതിയെ തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പ് അധികാരികളും വന്നുനോക്കിയപ്പോള്‍ കണ്ടെത്തിയത് കുറെ കറി പൗഡറുകളും പ്രസവാനന്തര ചികിത്സക്ക് സ്ത്രീകള്‍ക്ക് നല്‍കുന്നത് പോലുള്ള കുരുമുളകും വെളുത്തുള്ളിയും ചതച്ചുണ്ടാക്കിയ കുറെ ഉണ്ടകളുമായിരുന്നു.
ഒരുപണിയും ഇല്ലാതെ നടക്കുന്നതിനിടെ ട്രെയിന്‍ കയറി എത്തിയ ഉത്തര്‍പ്രദേശ് സ്വദേശി വിനീത് പ്രസാദ് (36) കണ്ടുപിടിച്ച മാര്‍ഗമായിരുന്നു കോവിഡ് ചികിത്സ. ഐടിഐ വരെ പഠിച്ചിരുന്ന യുവാവ് കുറച്ചുനാള്‍ റെയില്‍വേയില്‍ ട്രാക്ക് മാനായി താല്‍ക്കാലികമായി പണിയെടുത്തിരുന്നു. രണ്ടാഴ്ച മുമ്പാണ് ഉപ്പളയില്‍ എത്തിയത്. മണിമുണ്ടയില് ഒറ്റമുറി പീടിക വാടകക്ക് എടുത്താണ് ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരില്‍ ഇയാള്‍ ചികിത്സ നടത്തിയത്. ഇക്കാര്യങ്ങള്‍ അറിയിച്ച് ബാനറും സ്ഥാപിച്ചിരുന്നു. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്തു കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ ചകിത്സാകേന്ദ്രത്തില്നിന്ന് വ്യാജ മരുന്നുകളും പിടിച്ചെടുത്തിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിനീത് പ്രസാദിനെതിരെ പോലീസ് കേസെടുത്തത്. ഉത്തര്‍ പ്രദേശിലും ഇയാള്‍ ഇതുപോലെ വ്യാജ ചികിത്സ നടത്തിയിരുന്നതായി അറിവായിട്ടുണ്ട്.






