ഇന്ത്യയില്‍നിന്ന് യു.എ.ഇ വഴി ട്രാന്‍സിറ്റില്‍ സൗദിയിലെത്താന്‍ വഴിയൊരുങ്ങി

ജിദ്ദ- യു.എ.ഇയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്ന വിലക്ക്് നീങ്ങിയതോടെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇ വഴി ട്രാന്‍സിറ്റില്‍ സൗദിയിലെത്താന്‍ വഴിയൊരുങ്ങി. നേരിട്ട് സൗദിയിലെത്താന്‍ അനുമതിയുള്ളവര്‍ക്ക് ഇപ്പോള്‍ ഇത് പ്രയോജനപ്പെടുത്താനാവും.
യു.എ.ഇ വിമാനകമ്പനികള്‍ ഇതുവരെ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍തന്നെ ഇതുണ്ടാകുമെന്നാണ് സൂചന.
സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗദിയിലേക്ക് നേരിട്ട് മടങ്ങിവരാന്‍ സാധിക്കുക. ഇങ്ങനെയുള്ളവര്‍ സൗദിയ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്.
യു.എ.ഇക്കുള്ള വിലക്ക് സൗദി നീക്കിയതോടെ എമിറേറ്റസ്, ഇത്തിഹാദ്, എയര്‍ അറേബ്യ തുടങ്ങിയ വിമാന കമ്പനികള്‍ക്ക് ഇനി സൗദിയിലേക്ക് സര്‍വീസ് നടത്താനാകും. ഇതോടെ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യു.എ.ഇ വഴി ട്രാന്‍സിറ്റില്‍ സൗദിയിലെത്താം. ഇന്ത്യയില്‍നിന്നടക്കം ട്രാന്‍സിറ്റ് യാത്രക്കാരെ സ്വീകരിക്കുമെന്ന് യു.എ.ഇ വിമാനക്കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു.
ഖത്തറിന് പിന്നാലെ യു.എ.ഇ, ബഹ്്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇടത്താവളമാക്കി 14 ദിവസത്തെ ക്വാറന്റൈന് ശേഷം ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്താം. സൗദിയില്‍നിന്ന് വാക്‌സിനെടുക്കാത്ത, നാട്ടില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി ഈ മൂന്ന് ഇടത്താവളങ്ങളും ഉപയോഗിക്കാം.

 

 

Latest News