Sorry, you need to enable JavaScript to visit this website.

പിണറായിയും സി.പി.എമ്മും തള്ളിപ്പറഞ്ഞു; ഒറ്റപ്പെട്ട് ജലീൽ

മലപ്പുറം- എ.ആർ നഗർ ബാങ്ക് ക്രമക്കേട് മുൻനിർത്തി മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കെ.ടി ജലീലിന്റെ പോരാട്ടം പാതിവഴിയിൽ നിലക്കും. മുഖ്യമന്ത്രിയും സി.പി.എമ്മും തള്ളിപ്പറഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ജലീൽ. കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് നിയമസഭയിൽ എത്തിയത് മുതൽ സി.പി.എം രാഷ്ട്രീയത്തിൽ ജലീലിന് പിണറായി എന്നും മികച്ച സ്ഥാനം നൽകിയിരുന്നു. തുടക്കത്തിൽ വി.എസ് അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ചിരുന്ന ജലീൽ അധികം വൈകാതെ പിണറായി പക്ഷത്തേക്ക് കൂറുമാറി. വി.എസിനെ ലക്ഷ്യമിട്ട് പിണറായി നടത്തിയ കടലിലെ ബക്കറ്റ് വെള്ളം തുടങ്ങിയ പ്രയോഗങ്ങൾ ജലീലിന്റെ സംഭാവന ആയിരുന്നുവെന്ന് പിന്നീട് വിമർശനവുമുണ്ടായി. മൂന്നാമതും എം.എൽ.എ ആയ ജലീലിനെ പിണറായി തന്റെ മന്ത്രിസഭയിൽ തുടക്കത്തിൽ തദ്ദേശവും പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പും നൽകിയാണ് അംഗമാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന കോടതി വിധിയെ തുടർന്ന് ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.

മന്ത്രിസ്ഥാനത്തിരിക്കെ തനിക്കെതിരെ ഏറ്റവും കൂടുതൽ ആരോപണം ഉന്നയിച്ചത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയും ആണെന്നും ഇതിന് പിന്തുണ നൽകിയത് കുഞ്ഞാലിക്കുട്ടിയാണ് എന്നുമാണ് ജലീൽ കരുതുന്നത്. തന്നെ ദ്രോഹിച്ചവരെ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് എ.ആർ നഗർ ബാങ്കിലെ അഴിമതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവു നൽകുന്നതിൽ വരെ എത്തിയത്. എന്നാൽ ഇ.ഡിക്ക് മുന്നിൽ തെളിവു നൽകാൻ ജലീൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് സർക്കാറിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയത് ഇ.ഡിയായിരുന്നു. അതേ ഇ.ഡിക്ക് മുന്നിൽ കേരളത്തിന്റെ സഹകരണ മേഖലയെ പ്രതിരോധത്തിലാക്കാനുള്ള നീക്കവുമായി ജലീൽ തന്നെ മുന്നിട്ടിറങ്ങുന്നതിലെ അപകടം സി.പി.എം മണത്തറിഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരായ ജലീലിന്റെ നീക്കം ചെന്നെത്തുന്നത് സഹകരണ ബാങ്കിനെ മൊത്തത്തിലായിരിക്കുമെന്നാണ് സി.പി.എം കരുതുന്നത്. അതുകൊണ്ടു തന്നെയാണ് ഇ.ഡിയിൽ ജലീലിന് വിശ്വാസം വന്നിരിക്കുന്നുവെന്നാണ് തോന്നുന്നത് എന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. സഹകരണ ബാങ്കുകളിലെ വിഷയം അന്വേഷിക്കാൻ ഇവിടെ ആവശ്യത്തിന് സംവിധാനമുണ്ട് എന്ന മുഖ്യമന്ത്രിയുടെ തുടർവാക്കുകൾ ജലീലിനുള്ള മുന്നറിയിപ്പും കൂടിയാണ്. 
പിണറായി വിജയൻ പിതൃതുല്യനാണെന്നും വിമർശിക്കാനും തിരുത്തിപ്പിക്കാനും അവകാശമുണ്ടെന്ന ജലീലിന്റെ പ്രസ്താവനയിൽ നിരാശയും നിഴലിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം തുടരുമെന്ന ജലീലിന്റെ ഫെയ്്‌സ്ബുക്ക് കുറിപ്പ് പുറത്തുവന്ന ഉടൻ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യക്തിപരമായി നീങ്ങരുത് എന്ന നിർദ്ദേശം പാർട്ടി ആക്ടിംഗ് സെക്രട്ടറി ജലീലിന് നൽകുകയും ചെയ്തു. ഇതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ജലീൽ ഉള്ളത്. വരുംദിവസങ്ങളിൽ ജലീൽ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഇ.ഡി കൂടുതൽ സന്നാഹവുമായി എത്തുകയും ചെയ്യും. എ.ആർ നഗർ ബാങ്കിന് പുറമെ മറ്റിടങ്ങളിലേക്കും ഈ അന്വേഷണം നീങ്ങുന്നതോടെ ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ട ബാധ്യത കൂടി ജലീലിന്റെ ചുമലിൽ ആകുകയും ചെയ്യും. ഇത് ജലീലിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങിനെ ബാധിക്കും എന്നത് കണ്ടറിയേണ്ടതാണ്.
 

Latest News