ന്യൂദല്‍ഹി- വീടുവീടാന്തരം കയറി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്തിന്റെ വൈവിധ്യവും ഭരണത്തിന്റെ സങ്കീര്‍ണതയും അറിയാത്തതു കൊണ്ടാണ് ഇത്തരം ഹരജികളെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിരിക്കെ സര്‍ക്കാരിന്റെ വാക്‌സിന്‍ നയം മാറ്റണമെന്നാണോ ആവശ്യപ്പെടുന്നതെന്ന് ഹരജി നല്‍കിയ യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.
ഒരേ സാഹചര്യമാണോ ലഡാക്കിലും കേരളത്തിലും ഉത്തര്‍ പ്രദേശിലും നിലനില്‍ക്കുന്നത്. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരേ വെല്ലുവിളിയാണോ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ സവിശേഷതകള്‍ കണക്കിലെടുക്കാതെ രാജ്യത്തെങ്ങും ഒരേ നയം ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
അംഗപരിമിതര്‍ക്കും പ്രായമായവര്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്കും വീടു കയറി കുത്തിവെപ്പ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് പൊതു ഉത്തരവ് നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
വാക്‌സിനേഷന്‍ നടക്കുകയാണെന്നും കോടതി നിരീക്ഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി ദേശീയ കര്‍മ സേന രൂപീകരിച്ചതാണെന്നും കോടതി വ്യക്തമാക്കി.
നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമര്‍പ്പിക്കാന്‍ കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു.