ചികിത്സ പരാജയപ്പെട്ടതുകൊണ്ടു മാത്രം ഡോക്ടര്‍  കുറ്റക്കാരനാവില്ലെന്നു സുപ്രീംകോടതി

ന്യൂദല്‍ഹി-ചികിത്സ പരാജയപ്പെടുകയോ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിക്കുകയോ ചെയ്തുവെന്നതുകൊണ്ടുമാത്രം ഡോക്ടര്‍മാരെ കുറ്റക്കാരായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ചികിത്സയില്‍ അശ്രദ്ധയോ വീഴ്ചയോ സംഭവിച്ചു എന്നതിന് മെഡിക്കല്‍ രേഖകളോ തെളിവോ ആവശ്യമാണെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വൃക്കരോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ച സംഭവത്തില്‍ ഡോക്ടറും ആശുപത്രിയും കുറ്റക്കാരാണെന്നും 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചിരുന്നു. ഇതിനെതിരേ ഡോ. ഹരീഷ് കുമാര്‍ ഖുറാന നല്‍കിയ പരാതിയില്‍ കമ്മിഷന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മെഡിക്കല്‍ പിഴവ് സംഭവിച്ചുവെന്നത് സുവ്യക്തമായിരിക്കണമെന്നും തോന്നലുകളുടെ അടിസ്ഥാനത്തിലാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഈ കേസില്‍ ആരോപണമല്ലാതെ മെഡിക്കല്‍ തെളിവുകളില്ല. ചികിത്സ ഫലിക്കാതാവുകയോ ശസ്ത്രക്രിയയില്‍ രോഗി മരിക്കുകയോ ചെയ്യുന്ന ഓരോ കേസിലും ഡോക്ടര്‍മാരുടെ പിഴവ് സംശയിക്കാറുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തെ മെഡിക്കല്‍ തെളിവായി കാണാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
 

Latest News