ഹൂസ്റ്റണ്‍- വളര്‍ത്തു മകളായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മലയാളി ദമ്പതികള്‍ വെസ്ലി മാത്യൂസിനും സിനി മാത്യൂസിനും ഇനി സ്വന്തം മകളുടെ മേലും അവകാശമില്ല. നാലു വയസ്സുകാരിയായ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ദമ്പതികള്‍ പിന്‍വലിച്ചു.
വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ചെയ്ത വെസ്ലിയും ക്രിമനല്‍ കേസ് നേരിടുന്ന അമ്മ സിനിയും സ്വന്തം കുഞ്ഞിനെ വളര്‍ത്താന്‍ യോഗ്യരല്ലെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ കേസുകളില്‍ നടപടകിള്‍ നേരിടുന്ന സാഹചര്യത്തില്‍ സ്വന്തം മകളുടെ നല്ല ഭാവിക്കു വേണ്ടിയാണ് അവളുടെ രക്ഷാകര്‍തൃത്വ അവകാശം ഉപേക്ഷിക്കാനുള്ള കടുത്ത തീരുമാനമെടുത്തതെന്ന് അമ്മ സിനിയുടെ അഭിഷാകന്‍ കോടതിയില്‍ പറഞ്ഞു. നാലു വയസ്സുള്ള മകളെ കാണുന്നതില്‍ നിന്ന് കഴിഞ്ഞ മാസം കോടതി ദമ്പതികളെ വിലക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനു കാണാതായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷമാണ് വീടിനടുത്തുള്ള കലുങ്കില്‍നിന്ന് പോലീസ് കണ്ടെടുത്തത്. ആദ്യം വളര്‍ത്തു മകളെ കാണാനില്ലെന്നു പരാതിപ്പെട്ട വെസ്ലി മൃതദേഹം ലഭിച്ചതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ആണ് ഇപ്പോള്‍ ഇവരുടെ സ്വന്തം മകളെ പോറ്റിവളര്‍ത്തുന്നത്.






