ന്യൂദല്‍ഹി- തമിഴ്‌നാട്ടില്‍ വയോധികന്റെയും മകന്റെയും കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാര്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഡനത്തിനിരയായ പി. ജയരാജും മകനും ജെ. ബെന്നിക്‌സും കഴിഞ്ഞ വര്‍ഷം ജൂണിലാണ് തമിഴ്‌നാട്ടിലെ സാത്തന്‍കുളം പോലീസ് സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ പി. രഘു ഗണേഷ്, എസ്. ശ്രീധര്‍ എന്നീ പോലീസുകാര്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസുമാരായ വിനീത് സരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 19നാണ് ലോക് ഡൗണ്‍ കാലത്ത് അനുവദനീയമായ സമയവും കഴിഞ്ഞ് മൊബൈല്‍ ഷോപ്പ് തുറന്നു എന്നാരോപിച്ച് ജയരാജിനെയും ബെന്നിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. 2020 ജൂണ്‍ ഇരുപതിന് കസ്റ്റഡി മരണത്തിന്റെ അന്വേഷണം തമിഴനാട് സര്‍ക്കാര്‍ സിബിഐക്കു കൈമാറി. കേസില്‍ ഒന്‍പതു പോലീസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം നല്‍കി.
പോലീസുകാരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് ഒരു പാഠം പഠിപ്പിക്കണം എന്ന വാശിയിലാണ് ജയരാജനെയും ബെന്നിക്‌സിനെയും പോലീസുകാര്‍ ആറു മണിക്കൂര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടി. ജയരാജിന്റെയും മകന്റെയും കസ്റ്റഡി മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇരുവരും കൊല്ലപ്പെട്ടത് സ്റ്റേഷനില്‍ വെച്ചല്ലെന്നും ഇവര്‍ക്ക് ഹൃദ്രോഗം ഉള്‍പ്പടെ മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു എന്നുമാണ് സുപ്രീംകോടതിയില്‍ കുറ്റക്കാരായ പോലീസുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, കസ്റ്റഡി മരണത്തിന് തെളിവുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗും വാദിച്ചു.






