റിയാദ് - കോടിക്കണക്കിന് റിയാല്‍ കൈക്കൂലി സ്വീകരിച്ച കേസില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയവുമായി സഹകരിച്ചാണ് മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും മേജര്‍ ജനറല്‍ റാങ്കില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് വിരമിച്ച മൂന്നു ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തത്. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ കരാറുകള്‍ ലഭിക്കുന്നതിന് വിദേശ കമ്പനികളുടെ പ്രതിനിധിയില്‍നിന്നും സ്വകാര്യ കമ്പനി ഉടമയില്‍നിന്നും പല ഗഡുക്കളായി ഇവര്‍ 21.2 കോടിയിലേറെ റിയാല്‍ കൈപ്പറ്റുകയായിരുന്നു.
സര്‍ക്കാര്‍ പദ്ധതികളിലെ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2.4 കോടി റിയാല്‍ കൈക്കൂലി നല്‍കുകയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിദേശ യാത്രാ ചെലവിലേക്ക് അഞ്ചു ലക്ഷം റിയാല്‍ നല്‍കുകയും ചെയ്ത വന്‍കിട കരാര്‍ കമ്പനിയിലെ പദ്ധതികാര്യ വിഭാഗം മേധാവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലെഫ്. കേണല്‍ റാങ്കില്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും പതിമൂന്നാം ഗ്രേഡ് ഉദ്യോഗസ്ഥനും ദേശീയ സുരക്ഷാ ഏജന്‍സിയില്‍നിന്ന് ബ്രിഗേഡിയര്‍ റാങ്കില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനും കേസില്‍ അറസ്റ്റിലായി.
ഇതേ കമ്പനിയില്‍നിന്ന് 20 ലക്ഷം റിയാല്‍ പണമായും 50 ലക്ഷം റിയാല്‍ ചെക്കായും കൈക്കൂലി സ്വീകരിച്ച, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് മേജര്‍ ജനറല്‍ റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനും തന്റെയും കുടുംബത്തിന്റെയും വിദേശ യാത്രാ ചെലവുകള്‍ കമ്പനിയില്‍നിന്ന് ടിക്കറ്റുകളും പണവുമായി കൈപ്പറ്റിയ ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്.