ആരാണ് താലിബാന്‍ പ്രധാനമന്ത്രി മുല്ല ഹസന്‍ അഖുന്ദ്

കാബൂള്‍- താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ് ആണ്. അഫ്ഗാനിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി മുല്ലാ ഹസന്‍ ഉടന്‍ ചുമതലയേല്‍ക്കും. 20 വര്‍ഷത്തോളമായി താലിബാന്റെ ഉന്നത നേതൃസമിതിയായ റെഹ്ബാരി ശൂറ തലവനും മത പണ്ഡിതനുമാണ് മുല്ലാ ഹസന്‍ അഖുന്ദ്. 1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ അധികാരത്തിലിരുന്ന മുന്‍ താലിബാന്‍ സര്‍ക്കാരില്‍ ആദ്യം വിദേശകാര്യ മന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായിരുന്നു. യുഎന്‍ ഭീകരമുദ്ര ചാർത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളു കൂടിയാണ്. താലിബാന്‍ പിറവിയെടുത്ത കാണ്ഡഹാറിലാണ് പശ്തൂന്‍ വംശജനായ മുല്ലാ ഹസനും ജനിച്ചത്. 60ലേറെ വയസ്സുണ്ടെന്നാണ് റിപോര്‍ട്ട്. 

രാഷ്ട്രീയ, സൈനിക നേതാവ് എന്നതിലുപരി ഒരു മതനേതാവായാണ് താലിബാനികള്‍ മുല്ലാ ഹസന്‍ അഖുന്ദിനെ കാണുന്നത്. താലിബാന്റെ പരമോന്നത നേതാവ് ഹിബതുല്ല അഖുന്ദ്‌സാദ പോലും ബഹുമാനിക്കുന്ന നേതാവായും പറയപ്പെടുന്നു. റെഹ്ബാരി ശൂറ തലവനെന്ന നിലയില്‍ താലിബാന്റെ സൈനിക കാര്യങ്ങളിലും മുല്ലാ ഹസന് സ്വാധീനമുണ്ട്. 

2001ല്‍ യുഎസ് അധിനിവേശ സേന താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനു ശേഷം രൂപീകരിക്കപ്പെട്ട റെഹ്ബാരി ശൂറ എന്ന ഉന്നതാധികാര സമിതിയില്‍ നേതാവായും മാര്‍ഗദര്‍ശിയായും സുപ്രധാന പങ്കുവഹിച്ചു. നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
 

Latest News