Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുഎസില്‍ നടക്കുന്ന ഹിന്ദുത്വ വിരുദ്ധ സെമിനാറിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത്

ബോസ്റ്റന്‍- തീവ്ര ഹിന്ദുത്വയേയും അതിന്റെ പ്രത്യാഘാതങ്ങളേയും തുറന്നു കാട്ടി യുഎസിലേയും വിദേശത്തേയും 53 യൂനിവേഴ്‌സിറ്റികളും അക്കാഡമിക് വിദഗ്ധരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിപുലമായ ഓണ്‍ലൈന്‍ സെമിനാറിനെതിരെ യുഎസിലേയും ഇന്ത്യയിലേയും തീവ്ര ഹിന്ദുത്വ, സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. വിഖ്യാത സര്‍വകലാശാലകളായ ഹാവര്‍ഡ്, സ്റ്റാന്‍ഫോഡ്, പ്രിന്‍സ്റ്റന്‍ യൂനിവേഴ്‌സികളടക്കം ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആഗോള ഹിന്ദുത്വയെ എങ്ങനെ നിര്‍വീര്യമാക്കാം എന്നതാണ് വിഷയം. ഹിന്ദുത്വ മേധാവിത്വം, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍, ജാതി പീഡനം, ഇസ്ലാംഭീതി, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ 25 അക്കാദമിക വിദഗ്ധരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും സംസാരിക്കുന്നുണ്ട്. സെപ്തംബര്‍ 10 മുതലാണ് മൂന്ന് ദിവസ സെമിനാര്‍ ആരംഭിക്കുന്നത്. അക്കാഡമിക് രംഗത്ത് ഹിന്ദുത്വ വിരുദ്ധ അധ്യാപന രീതി വികസിപ്പക്കലും സെമിനാറിന്റെ ലക്ഷ്യമാണ്.

ഈ പരിപാടി ഹിന്ദുഫോബിയ പടര്‍ത്താനും ഹിന്ദു വിദ്വേഷം പ്രചരിപ്പിക്കാനുമാണെന്ന് ആരോപിച്ച് യുഎസിലെ ഹിന്ദുത്വ സംഘടനകള്‍ സജീവമായ പ്രചരണം നടത്തുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന യൂനിവേഴ്‌സിറ്റികളോട് പിന്മാറാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിശ്വ ഹിന്ദു പരിഷത് അമേരിക്ക, കോലീഷന്‍ ഓഫ് ഹിന്ദുസ് ഇന്‍ നോര്‍ത്ത് അമേരിക്ക, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എന്നീ സംഘ പരിവാര്‍ അനുഭാവമുള്ള സംഘടനകളാണ് പ്രതിഷേധം നയിക്കുന്നത്. പരിപാടിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിരവധി യൂനിവേഴ്‌സിറ്റികള്‍ക്കായി 13 ലക്ഷം ഇമെയിലുകള്‍ അയച്ച് പ്രതിഷേധിച്ചു.  

ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ഇന്ത്യക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. മുതിര്‍ന്ന മാധ്യമ-പൗരാവകാശ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട സംഘടനയാണിത്.

പ്രമുഖ എഴുത്തുകാരിയും ജാതി വിരുദ്ധ ആക്ടിവിസ്റ്റുമായ ഡോ. മീന കന്ദസാമി, ദല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ നന്ദനി സുന്ദര്‍ തുടങ്ങിയവരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. ഇവരുടെ പേരുകള്‍ പുറത്തു വന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ ഹിന്ദുത്വ ഐഡികളില്‍ നിന്ന് കൂട്ട സൈബര്‍ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. മീന കന്ദസാമിക്കെതിരെ കേട്ടാല്‍ അറക്കുന്ന തെറിയഭിഷേകമാണ്.

Latest News