കോവിഡ് പരത്തിയ യുവാവിന് വിയറ്റ്‌നാമില്‍ അഞ്ചു വര്‍ഷം തടവ്

ഹനോയ്- കര്‍ശനമായ കോവിഡ് ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിക്കുകയും മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് പടര്‍ത്തുകയും ചെയ്ത കുറ്റത്തിന് വിയറ്റ്‌നാമില്‍ 28കാരനെ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. കാ മാവു പ്രവിശ്യയിലെ പീപ്പിള്‍സ് കോര്‍ട്ട് ആണ് ഒറ്റ ദിവസ വിചാരണയ്ക്കു ശേഷം ലെ വാന്‍ ട്രി എന്ന യുവാവിനെ ശിക്ഷിച്ചത്. ഹോ മി ചിന്‍ സിറ്റിയില്‍ നിന്ന് കാ മാവുവിലേക്ക് യാത്ര ചെയ്ത് 21 ദിവസ കര്‍ശന ക്വാറന്റീന്‍ ലെ വാന്‍ ലംഘിച്ചെന്നാണ് കുറ്റമെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിയറ്റ്‌നാം ന്യൂസ് ഏജന്‍സി (വി.എന്‍.എ) റിപോര്‍ട്ട് ചെയ്യുന്നു. ലെ വാനില്‍ നിന്നും രോഗം ഏട്ടു പേരിലേക്ക് പടര്‍ന്നു. ഇവരില്‍ ഒരാള്‍ ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം മരിക്കുകയും ചെയ്തു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇതുവരെ കാ മാവുവില്‍ വെറും 191 പേര്‍ക്കു മാത്രമാണ് കോവിഡ് ബാധിച്ചിട്ടുള്ളൂ. രണ്ടു പേരാണ് മരിച്ചത്. 

വിയറ്റ്‌നാമില്‍ ഇതുവരെ 5.36 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 13,384 പേര്‍ മരിച്ചു. വിയറ്റ്‌നാമില്‍ കോവിഡിന്റെ പ്രഭവ കേന്ദ്രമായ ഹോ ചി മിന്‍ സിറ്റിയില്‍ 2.60 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുകയും 10,685 പേര്‍ മരിക്കുകയും ചെയ്തു. കര്‍ശനമായ നടപടികളിലൂടേയും ശക്തമായ പ്രതിരോധ ചട്ടങ്ങളും ഏര്‍പ്പെടുത്തി കോവിഡ് വ്യാപനം വിജയകരമായി തടഞ്ഞ രാജ്യമാണ് വിയറ്റ്‌നാം. വ്യാപകമായ പരിശോധന, രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍, അതിര്‍ത്തി നിയന്ത്രണം, കര്‍ശനമായ ക്വാറന്റീന്‍ എന്നിവയാണ് രാജ്യത്തുള്ളത്. എന്നാല്‍ ഏപ്രില്‍ മുതല്‍ വിയറ്റ്‌നാമില്‍ വീണ്ടും കോവിഡ് വര്‍ധിച്ചു വരുന്ന പ്രവണതയാണ്.
 

Latest News