താലിബാൻ സർക്കാരിനെ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും; മുല്ലാ ബറാദര്‍ ഉപനേതാവ്

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചു. മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് സര്‍ക്കാരിനെ നയിക്കും. താലിബാന്‍ സഹസ്ഥാപകനും ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയുമായ മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ആയിരിക്കും ഉപനേതാവെന്നും താലിബാന്റെ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.

താലിബാനിലെ പ്രബല വിഭാഗമായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ നേതാവ് സിറാജുദ്ദീന്‍ ഹഖാനി ആണ് ആഭ്യന്തര മന്ത്രി. കൊല്ലപ്പെട്ട താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ മുഹമ്മദ് യാഖൂബ് പ്രതിരോധ മന്ത്രിയാകും. സര്‍ക്കാരില്‍ മറ്റു ഉന്നത പദവികള്‍ ലഭിച്ചവരിലേറെയും പഴയ നേതാക്കളാണ്. താലിബാനു പുറത്തു നിന്നുള്ള ആരും സര്‍ക്കാരില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് ഇടക്കാല സര്‍ക്കാര്‍ മാത്രമാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരേയും ഉള്‍പ്പെടുത്തുമെന്നും വക്താവ് സബീഹുല്ല അറിയിച്ചു.
 

Latest News