റിയാദ് - സൗദിയിലെ ജയിലുകളിൽനിന്ന് വിദേശികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നു. സൗദി ജയിലിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് പ്രഖ്യാപിച്ചു. മയക്കുമരുന്ന് ഉപയോഗിച്ച കേസുകളിൽ അറസ്റ്റിലായ വിദേശികളെ ഉടൻ സ്വദേശങ്ങളിലേക്ക് നാടുകടത്താൻ അറ്റോർണി ജനറൽ പുറത്തിറക്കിയ സർക്കുലർ ആവശ്യപ്പെട്ടു. ലഹരിമരുന്നുകൾ ഉപയോഗിച്ച കേസുകളിൽ വിദേശികളെയും സൗദികളെയും ജയിലുകളിലടക്കുന്നത് നിർത്തിവെക്കാനും നിർദേശമുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച് നേരത്തെ അറസ്റ്റിലായി അഞ്ചു വർഷം പിന്നിട്ടവരെ, മയക്കുമരുന്ന് കടത്ത്, വിൽപന കേസുകളിൽ അവർ പ്രതികളല്ലെങ്കിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച കേസിൽ വീണ്ടും ജയിലിലടക്കുന്നത് അവസാനിപ്പിക്കാനാണ് നിർദേശം. 
അറസ്റ്റ് നിർബന്ധമല്ലാത്ത, നിസാര കേസുകളിൽ പിടിയിലാകുന്ന വിദേശികളെ ജയിലുകളിലേക്ക് മാറ്റുന്നതിനു മുമ്പായി വിട്ടയക്കണം. മറ്റു കേസുകളിൽ പ്രതികളല്ലെന്ന് അന്വേഷണത്തിലൂടെ ഉറപ്പുവരുത്തിയാണ് ഇത്തരക്കാരെ വിട്ടയക്കേണ്ടത്. വിദേശികളായ തടവുകാരുടെ ശിക്ഷാ കാലാവധിയിൽ നാലിലൊന്ന് ഇളവു ചെയ്തു കൊടുക്കുന്നതിനും ഖാത്ത് കേസുകളിൽ അറസ്റ്റിലാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത സൗദികളെയും വിദേശികളെയും വിട്ടയക്കുന്നതിനും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. 

	
	




