Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കൊച്ചി: സാഗര പാതകളുടെ പറുദീസ

കിനാവുകളിലേക്ക് തുഴയുന്ന യാനപാത്രങ്ങളും ജലപാതകളും ഇനി കൊച്ചിയെ താരാട്ടുന്ന അറബിക്കടലിന്റെ അഴക് കൂട്ടും. വാട്ടർ മെട്രോ, കേരളത്തിന്റെ വ്യവസായ നഗരത്തെ സാഗര സംഗീതത്താൽ സൗന്ദര്യ സാന്ദ്രമാക്കും.

കടലും കായലുകളും പുഴകളും കനാലുകളും തോടുകളും ഗതാഗതത്തിന്റെ നാഡീവ്യൂഹങ്ങളായിരുന്ന ആ പഴയ കാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കൊച്ചി. കേരളത്തിന്റെ ഗതാഗത ഭൂപടത്തിൽ ഇടംപിടിക്കാനൊരുങ്ങുന്ന ദേശീയ ജലപാതയുടെ കേന്ദ്ര ബിന്ദുവാകാൻ പോകുന്നത് കൊച്ചിയാണ്. ഇതോടൊപ്പം കൊച്ചിയിലെ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന വാട്ടർ മെട്രോ, ഉൾനാടൻ ജലഗതാഗത സർവീസ് എന്നിവ കൂടി യാഥാർഥ്യമാകുന്നതോടെ കൊച്ചി വാട്ടർ ടൂറിസത്തിന്റെ പറുദീസയായി മാറും. വെനിസ്, ആംസ്റ്റർഡാം, ലണ്ടൻ നഗരങ്ങളിലേതു പോലുള്ള കായൽ കാഴ്ചകളാകും ഒരു പതിറ്റാണ്ടിനപ്പുറമുള്ള കൊച്ചിയിൽ കാണാൻ പോകുന്നത്. 


10 ദ്വീപുകളെ ബന്ധിപ്പിച്ച്  76 കിലോ മീറ്റർ  ദൈർഘ്യമുള്ള ജലപാതയാണ് വാട്ടർ മെട്രോയുടെ ഭാഗമായി ഒരുങ്ങുന്നത്. 35 കിലോമീറ്റർ ദൂരത്തിൽ കൊച്ചിയിലെ കനാൽ ജലപാതകൾ സജീവമാക്കുവനുള്ള പദ്ധതി ഇതിന് മുമ്പായി യാഥാർഥ്യമാകും. ഇടപ്പള്ളി കനാൽ, ചിലവനൂർ കനാൽ, തേവര  പേരണ്ടൂർ കനാൽ, തേവര കനാൽ, മാർക്കറ്റ് കനാൽ എന്നിവയാണ് ഗതാഗത യോഗ്യമാക്കുന്നത്. ആകെ 78.6 കിലോമീറ്ററിൽ 15 പാതകളിൽ ആയാണ് ജല മെട്രോ നിർമിക്കുന്നത്. 38 സ്റ്റേഷനുകൾ ഉള്ള വാട്ടർ മെട്രോയുടെ മൊത്തം പദ്ധതി ചെലവ് 678 കോടി രൂപയാണ്. 1500 കോടി രൂപ ചെലവിട്ട് സംയോജിത നഗര നവീകരണ ജലഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാലുകളുടെ നവീകരണം.നഗര മാലിന്യങ്ങളുടെ നിക്ഷേപവും കൈയേറ്റവും മൂലം മൃതാവസ്ഥയിൽ ആയ ജലപാതകൾ ആണ് ഇത്തരത്തിൽ സഞ്ചാരയോഗ്യമാക്കി മാറ്റുന്നത്.
520 കിലോമീറ്റർ ദൈർഘ്യം വരുന്ന ദേശീയ ജലപാത ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണത്തെ തുടർന്ന് രണ്ടാം ഘട്ടത്തിന്റ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2022 ഓടെ രണ്ടാം ഘട്ടവും 2025 ൽ മൂന്നാം ഘട്ടവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.വടക്ക് ബേക്കൽ മുതൽ തെക്ക് കോവളം വരെ നീളുന്ന ജലപാതയുടെ വികസനം സംസ്ഥാനത്ത് റോഡ് ഗതാഗതത്തിന് ബദലായി മാറുന്ന, മലിനീകരണവും ചെലവും കുറഞ്ഞ യാത്രാ മാർഗം എന്ന നിലയിൽ പ്രധാനമാണ്. സംസ്ഥാനത്തിന്റെ ജീവനാഡികൾ തന്നെയായിരുന്ന ജലപാതകളുടെ പുനരുജ്ജീവനം കേരളത്തിന്റെ ഗതാഗത, വിനോദ സഞ്ചാര മേഖലകളുടെ വളർച്ചയിൽ ഗുണപരമായി സ്വാധീനിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
ദേശീയ ജലപാതയുടെ ആദ്യഘട്ടവും ജലമെട്രോയുടെ വൈറ്റില - കാക്കനാട് പാതയുടെ കമ്മീഷനിംഗും കനാൽ ജലപാതയുടെ പ്രവർത്തനോദ്ഘാടനം എന്നിവ നടന്നു കഴിഞ്ഞു. വാട്ടർ മെട്രോ പൂർത്തിയാകാൻ സർക്കാരുകൾ പലതും മാറി വരേണ്ടിവരും. എന്നാൽ കനാൽപാതകൾ അഞ്ച് വർഷം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ വഴി കൊച്ചിയിൽ നിന്ന് ബേപ്പൂർക്കുള്ള ചരക്ക് നീക്കത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. 


കാക്കനാട് ഇൻഫോപാർക്ക് മുതൽ വരാപ്പുഴ വരെയാണ് ജലമെട്രോയുടെ ബോട്ടുകൾ സർവീസ് നടത്തുക. 38 ജെട്ടികളുണ്ടാകും. ചമ്പക്കര കനാലിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് കടമ്പ്രയാറിൽ നിർമിച്ചിട്ടുള്ള ബണ്ട് പൊളിച്ചു മാറ്റിയാലാണ് വൈറ്റില - കാക്കനാട് ജലമെട്രോ സർവീസ് തുടങ്ങാൻ കഴിയുക. നിരവധി കമ്പനികൾ ജലം ഉപയോഗപ്പെടുത്തുന്ന വലിയൊരു പ്രദേശത്തേക്ക് ഉപ്പുവെള്ളം കയറാതിരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയായിരിക്കും ബണ്ട് പൊളിക്കുക. ഇതിനായി 26 കോടി രൂപയോളം ചെലവാക്കേണ്ടിവരും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വാട്ടർ മെട്രോ പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുവാൻ ഇനിയും 14 വർഷം കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒന്നര ലക്ഷം യാത്രക്കാർ ആ സമയത്ത് വാട്ടർ മെട്രോ ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ.
നൂറു പേർക്ക് സഞ്ചരിക്കാവുന്നതാണ് വാട്ടർ മെട്രോയ്ക്കായി കൊച്ചി കപ്പൽശാലയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന അത്യാധുനിക ബോട്ടുകൾ. ഇതിൽ വൈറ്റില ഹബിൽ നിന്ന കാക്കനാട്ടേയ്ക്കു സർവീസ് നടത്തേണ്ട ആദ്യ ബോട്ടിന്റെ ട്രയൽ റൺ വിജയകരമായി പുരോഗമിക്കുകയാണ്. ട്രയൽ റണ്ണിന് ശേഷം ബോട്ട് മെട്രോ അധികൃതർക്ക് കൈമാറും. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ബോട്ടിൽ 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാൻ കഴിയും. സുഖകരമായി ഇരിക്കാൻ കഴിയുന്ന ആഡംബര സീറ്റുകളാണുള്ളത്. യാത്രയ്ക്കിടെ കായൽക്കാഴ്ചകൾ കാണുന്നതിനാണ് പിന്നിൽ പ്രത്യേക തട്ടുൾപ്പെടെ ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. കൊച്ചി കപ്പൽശാല നിർമിക്കുന്ന ആദ്യ ഹൈബ്രിഡ് ബോട്ടാണിത്. പ്രവർത്തനം ബാറ്ററിയിലായതിനാൽ ശബ്ദമലിനീകരണം ഉണ്ടാകില്ല. ഒപ്പം തന്നെ ഡീസൽ എൻജിനുമുണ്ട്. ആകെ 23 ഹൈബ്രിഡ് ബോട്ടുകൾ നിർമിക്കാനുള്ള കരാറാണ് കൊച്ചി കപ്പൽശാലയ്ക്ക് നൽകിയിരിക്കുന്നത്. ഇതിൽ നാല് ബോട്ടുകളുടെ നിർമാണം പൂർത്തിയായി. കഴിഞ്ഞ വർഷം നവംബറിൽ ബോട്ടുകളുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു കപ്പൽശാല ലക്ഷ്യമിട്ടിരുന്നത്. പക്ഷേ കോവിഡിനെ തുടർന്ന് ബാറ്ററികളും സ്റ്റീൽ പ്ലേറ്റുകളും വിദേശത്ത് രാജ്യങ്ങളിൽ നിന്നും കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല. ഇതാണ് നിർമാണം വൈകാൻ കാരണമായത്.  ആദ്യ ബോട്ടിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തീകരിച്ച ശേഷമേ മറ്റ് ബോട്ടുകളുെട ട്രയൽ റൺ തുടങ്ങുകയുള്ളൂ. വലിയ ബോട്ടുകൾക്ക് പുറമെ 53 പേർക്ക് യാത്ര ചെയ്യാവുന്ന 55 ചെറിയ ബോട്ടുകളും ജല മെട്രോക്കു വേണ്ടി നിർമിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്കും വർക്ക്‌ഷോപ്പായും പ്രവർത്തിക്കാൻ നാലും ബോട്ടുകൾ കൂടി നിർമിക്കും.  819 കോടി ചെലവിലാണ് വാട്ടർ മെട്രോ പദ്ധതി സജ്ജമാക്കുന്നത്.  ജർമൻ സാമ്പത്തിക ഏജൻസിയായ കെഎഫ്ഡബ്ലുവിൽ നിന്നുളള വായ്പയാണ് പദ്ധതിയുടെ മുഖ്യമൂലധനം.  579 കോടി രൂപയാണ് ജർമൻ വായ്പ. ബാക്കി തുക സർക്കാരിന്റെ വിഹിതമായിരിക്കും. 
ജലപാതകൾ പൂർത്തിയാകുമ്പോൾ എയർപോർട്ട്, മെട്രോ റെയിൽ, ദേശീയ ജലപാത, കനാൽപാത, സിറ്റി ബസുകൾ, ഫീഡർ ബസുകൾ, ടാക്‌സികൾ, ഓട്ടോ റിക്ഷകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവ ഒറ്റ നെറ്റ്‌വർക്ക് പോലെയാകും പ്രവർത്തിക്കുക. നിലവിൽ റോഡ് ഗതാഗത്തെ ആശ്രയിക്കുന്ന വലിയൊരു ശതമാനമാളുകൾ ഭാവിയിൽ ജലഗതാഗത സർവീസുകളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ.  
നൈസർഗിക ജലസ്രോതസ്സുകളുടെയും അതു വഴിയുള്ള ജലസമൃദ്ധിയുടെയും പുകൾപെറ്റ നാടായ കേരളത്തിന് കൊച്ചി പുതിയൊരു മാതൃകയാണ് മുന്നോട്ടു വെക്കുന്നത്. 44 ഓളം നദികളുടെ സമൃദ്ധിയിൽ നിലകൊണ്ട സംസ്ഥാനത്ത് പുരാതന കാലം മുതൽ ജലപാതകൾ പ്രധാന യാത്ര മാർഗങ്ങളായി മാറിയിരുന്നു.പിന്നീട് കാലാന്തരത്തിൽ ജലപാതകളിൽ നിന്നകന്ന് മറ്റ് യാത്രാ പാതകളിൽ നിലയുറപ്പിച്ചപ്പോൾ സംസ്ഥാനത്തിന് നഷ്ടമായത് ചെലവ് കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ യാത്രയുടെ വഴിച്ചാലുകൾ തന്നെയായിരുന്നു.  പ്രകൃതി സന്തുലനത്തിന്റെയും ജൈവിക ചൈതന്യത്തിന്റെയും ആ പഴയയാത്രാ പാതകൾ തിരികെ പിടിക്കാനുള്ള പദ്ധതികൾ സംസ്ഥാനത്തങ്ങോളമിങ്ങോളം പുഴകളും കായലുകളും കനാലുകളും കേ്ന്ദ്രീകരിച്ച് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാം.

Latest News