സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആര്‍.എസ്.എസ് കര്‍ഷക സംഘടന

ന്യൂദല്‍ഹി- സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭാരതീയ കിസാന്‍ സംഘ്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി ബദ്രിനാരായണ്‍ ചൗധരി ആവശ്യപ്പെട്ടു. ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില എല്ലാ കര്‍ഷകര്‍ക്കും കിട്ടണമെന്നാവശ്യപ്പെട്ട് നാളെ രാജ്യമൊട്ടുക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഭാരതീയ കിസാന്‍ സംഘ് പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.

സര്‍ക്കാര്‍ ഒന്നുകില്‍ ലാഭകരമായ വില നല്‍കണം. അല്ലെങ്കില്‍ തങ്ങളുടെ വാദത്തില്‍ തെറ്റ് എന്താണെന്ന് വിശദീകരണം നല്‍കണം. നിലവിലെ താങ്ങുവില വെറും തട്ടിപ്പാണ്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം.

ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അനുഭാവപൂര്‍വ്വം ചിന്തിക്കണമെന്നും ബദ്രിനാരായണ്‍ ചൗധരി ആവശ്യപ്പെട്ടു.

 

Latest News