Sorry, you need to enable JavaScript to visit this website.

കേന്ദ്രം കൂടുതല്‍ സമയം തേടി; പെഗസസ് അന്വേഷണ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി

ന്യൂദല്‍ഹി- ഇസ്രാഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടേയും കേന്ദ്ര മന്ത്രിമാരുടേയും സുപ്രീം കോടതി ജഡ്ജിമാരുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പറ്റം ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്തംബര്‍ 13ലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനും മറുപടി നല്‍കുന്നതിനും കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. 

ചില ഉദ്യോഗസ്ഥര്‍ക്ക് യോഗം ചേരാന്‍ കഴിയാതിരുന്നതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെടുകയായിരുന്നു. 

ദേശ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ഉള്ളതിനാല്‍ സത്യവാങ്മൂലത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ കഴിയില്ലെന്നാണ് നേരത്തെ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. ഒരു സ്വതന്ത്ര വിദഗ്ധ സമിതിക്കു മുമ്പാകെ ഈ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നും ഈ സമിതി കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കട്ടെ എന്നും കേന്ദ്രം നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായി ബെഞ്ചിന്റെ മറുപടി.
 

Latest News