ഇടുക്കി-പ്രണയാഭ്യര്‍ഥന നിരസിച്ച ദളിത് യുവതിയുടെ മുടി അയല്‍വാസിയായ യുവാവ് മുറിച്ചുമാറ്റി. പ്രതി കരടിക്കുഴി എവിടി തോട്ടത്തില്‍ സുനില്‍ (23) ഒളിവില്‍ പോയി. ഇന്നലെ രാവിലെ പീരുമേട് കരടിക്കുഴിയിലെ എസ്റ്റേറ്റ് ലയത്തിലാണ് സംഭവം. സമീപത്തെ ലയത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയായ 19 കാരിയോട് സുനില്‍ മുമ്പ് പല തവണ പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴെല്ലാം പെണ്‍കുട്ടി നിരസിച്ചിരുന്നു.
ലയത്തില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയോട് ഇയാള്‍ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. നിരസിച്ചെങ്കിലും ഇയാള്‍ യുവതിയുടെ അടുത്തേക്ക് വരികയായിരുന്നു. തന്നെ കടന്നുപിടിക്കുമെന്ന് തോന്നിയ പെണ്‍കുട്ടി മുറിയിലെ തയ്യല്‍ മെഷീന്റെ കത്രികയെടുത്ത് പ്രതിരോധിച്ചു.
എന്നാല്‍ പെണ്‍കുട്ടിയെ മര്‍ദിച്ച ശേഷം ഇയാള്‍ കൈയില്‍ നിന്ന് കത്രിക പിടിച്ചുവാങ്ങി തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പീരുമേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ നടത്തുന്നു. പീരുമേട് സി.ഐ എ. രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.






