Sorry, you need to enable JavaScript to visit this website.

സീരിയലിന് അവാര്‍ഡ് നല്‍കാത്തതിന് സര്‍ക്കാരിനു അഭിനന്ദനവുമായി ഡബ്യൂ.സി.സി

തിരുവനന്തപുരം- മികച്ച സീരിയലിന് അവാര്‍ഡ് നല്‍കേണ്ട എന്ന തീരുമാനമാണ് ജൂറി തീരുമാനത്തിന് കൈയടിച്ച് വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്യൂ.സി.സി. സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നതാണ് അവാര്‍ഡ് നിഷേധിക്കാന്‍ കാരണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണത്തില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണെന്നാണ് ഡബ്യൂ സി സി വിലയിരുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

29 ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നെഞ്ചോട് ചേര്‍ക്കുന്നു. ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാരിനും ഡബ്ലു.സി.സിയുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്‍പിച്ചിരിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല, മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോഥാനം. ഡബ്ലു.സി.സി അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.
 

Latest News