സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

രാംപൂര്‍- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്  മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്.
ബി.ജെ.പി നേതാവ് ആകാശ് കുമാര്‍ സക്‌സേന നല്‍കിയ പരാതിയിലാണ് രാംപൂര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെ രക്തം കുടിക്കുന്ന ചെകുത്താനുമായി താരതമ്യം ചെയ്തുവെന്നാണ് പരാതി. ജയിലിലായ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ഭാര്യ തസീന്‍ ഫത്മയെ സന്ദര്‍ശിച്ച ശേഷം മുന്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
പ്രസ്താവന ഇരു സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനു കാരണമാകുമെന്നും സമൂഹത്തില്‍ അസ്വസ്ഥത വിതക്കുമെന്നുമാണ് ബി.ജെ.പി നേതാവ് പരാതിയില്‍ പറഞ്ഞത്. വിവിധ ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്ത പരാമര്‍ശത്തിന്റെ ക്ലിപ്പിംഗുകള്‍ ഉള്‍ക്കൊള്ളുന്ന പെന്‍ഡ്രൈവും ബി.ജെ.പി നേതാവ് കൈമാറിയിരുന്നു. നിയമാനുസൃത നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് പറഞ്ഞു.
81 വയസ്സായ ഖുറേഷി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. മിസോറാമിലും ഉത്തരാഖണ്ഡിലും ഗവര്‍ണറായിരുന്ന അദ്ദേഹം ഉത്തര്‍പ്രദേശിലും അല്‍പകാലം ചുമതല വഹിച്ചിട്ടുണ്ട്.

 

Latest News