Sorry, you need to enable JavaScript to visit this website.

ഓഹരി വിപണി റെക്കോർഡ് നേട്ടത്തിന്റെ തിളക്കത്തിൽ

ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിന്റെ തിളക്കത്തിൽ ഇന്ന് ഇടപാടുകൾക്ക് തുടക്കം കുറിക്കും. ആഭ്യന്തര വിദേശഫണ്ടുകളുടെ കരുത്തിൽ വിപണി അതിന്റെ കൃത്യമായ ടാർഗറ്റിലാണ് നീങ്ങുന്നത്. മുൻവാരം സൂപ്പിച്ചിരുന്ന 17,300 ടാർഗറ്റിലേക്ക് വാരാന്ത്യം നിഫ്റ്റി സൂചിക ചുവടുവെച്ചു. സർവകാല റെക്കോർഡ് പ്രകടനത്തിനിടയിൽ ഒരാഴ്ച്ചകൊണ്ട് വിപണി സ്വന്തമാക്കിയത് 618 പോയിന്റാണ്. 
ഈ സാമ്പത്തിക വർഷം ഇത്രശക്തമായ പ്രതിവാരകുതിപ്പ് നിഫ്റ്റിയിൽ ആദ്യമാണ്. സൂചിക മൂന്നരശതമാനം മുന്നേറി. ഒരു മാസത്തിനിടയിൽ സൂചിക സ്വന്തമാക്കിയത് 1193 പോയിന്റാണ്. ഈ വർഷം ഇതിനകം 3341 പോയിന്റ് ഉയർന്നതിനിടയിൽ 23.90 ശതമാനം എൻ എസ് ഇ സൂചിക വർധിച്ചു. 
ബോംബെ സെൻസെക്‌സും നിക്ഷേപകരെ കോരിത്തരിപ്പിച്ച് പുതിയ ഉയരം കീഴടക്കി. ചരിത്രത്തിൽ ആദ്യമായി 58,000 പോയിന്റിന് മുകളിലാണ് സെൻസെക്‌സ്. കഴിഞ്ഞ വാരം തിളക്കമാർന്ന 2000 പോയിന്റ് ഉയർന്നു. ഒരു മാസത്തിൽ 4306 പോയിന്റ് ഉയർന്നു. ഒരു വർഷത്തിനിടയിലെ കുതിപ്പ് 10,378 പോയിന്റാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ആദ്യമായാണ് സൂചിക ഇത്ര വേഗത്തിൽ പുതിയ നാഴികല്ലുകൾ മറികടക്കുന്നത്. ഒരു വർഷത്തിൽ സെൻസെക്‌സ് 22 ശതമാനം കയറി.
നിഫ്റ്റി സൂചിക 16,705 പോയിന്റിലാണ് ട്രേഡിങ് തുടങ്ങിയത്. മുൻ വാരം വ്യക്തമാക്കിയതാണ് നിഫ്റ്റിയുടെ ദൃഷ്ടി 17,300 ലേയ്ക്ക് തിരിയുമെന്ന കാര്യം. അഞ്ച് പ്രവൃത്തി ദിനങ്ങളിൽ നിഫ്റ്റി ഉയർന്നത് 3.70 ശതമാനം. പോയവാരം പല ആവർത്തി റെക്കോർഡ് പുതുക്കി 17,000 പോയിന്റ് മറികടന്ന് സൂചിക വെളളിയാഴ്ച്ച ഏക്കാലത്തെയും ഉയർന്ന നിലവാരമായ 17,340വരെ സഞ്ചരിച്ചു, വാരാന്ത്യം 17,323 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിക്ക് 17,503 ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് തകർക്കാനായാൽ 17,684 നെ ലക്ഷ്യമാക്കാം. ഇതിനിടയിൽ പ്രോഫിറ്റ് ബുക്കിങ് ഓപ്പറേറ്റർമാരും ഫണ്ടുകളും വിപണിയിലെത്തിയാൽ 16,978-16,634 ൽ സപ്പോർട്ടുണ്ട്. 
സെൻസെക്‌സ് 56,124 ൽ നിന്ന് ഒരവസരത്തിൽ 57,000 പോയിന്റിലെ പ്രതിരോധം തകർത്ത് മുന്നേറിയത് നിക്ഷേപകരെ ആവേശം കൊള്ളിച്ചതോടെ മുൻനിര ഓഹരികളിലെ വാങ്ങൽ താൽപര്യം ശക്തമായി. വാരാന്ത്യം ചരിത്രത്തിൽ ആദ്യമായി 58,000 പോയിന്റും കടന്ന് പുതിയ റെക്കോർഡായ 58,194 വരെ ഉയർന്ന ശേഷം സെൻസെക്‌സ് 58,129 ക്ലോസ് ചെയ്തു. സെൻസെക്‌സിന് 58,678-59,229 പോയിന്റിൽ ഈവാരം പ്രതിരോധവും 57,096-56,063 ൽ താങ്ങുമുണ്ട്. 
ആഭ്യന്തര വിദേശഫണ്ടുകൾക്ക് ഒപ്പം പ്രാദേശിക നിക്ഷേപകരും വാങ്ങലുകാരായതോടെ മുൻനിര ഓഹരികളായ ആർഐഎൽ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, സൺ ഫാർമ്മ, ഡോ: റെഡീസ്, റ്റിസിഎസ്, എച്ച്യു എൽ, ടാറ്റാസ്റ്റീൽ, ബജാജ് ഓട്ടോ, എയർടെൽ തുടങ്ങിയവയുടെ നിരക്ക് ഉയർന്നു. 
റിലയൻസ് ഓഹരി വില 4.3 ശതമാനം ഉയർന്ന് 2394 രൂപയായി പുതിയ റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 2368 ലെ റെക്കോർഡാണ് മറികടന്നത്. ഒരുമാസത്തിനിടയിൽ ആർ ഐ എൽ ഓഹരി വില 15 ശതമാനം കയറി. ഓഗസ്റ്റിൽ ബാധ്യതകൾ വെട്ടിക്കുറക്കാൻ മത്സരിച്ച വിദേശ ഫണ്ടുകൾ പിന്നിട്ട വാരം എല്ലാദിവസങ്ങളിലും നിക്ഷപ കരായിരുന്നു. അവർ 6869 കോടിരൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ 1420 കോടി രൂപ നിക്ഷേപിച്ചു. 
പ്രമുഖ കറൻസികൾക്ക്  മുന്നിൽ യുഎസ് ഡോളറിനു നേരിട്ട തളർച്ച രൂപയുടെ മൂല്യം 67 പൈസ ഉയർത്തി 73.01 ലാണ് വാരാന്ത്യം. ഒരവസരത്തിൽ മൂല്യം 72.90 ലേക്ക് ശക്തി പ്രാപിച്ചിരുന്നു. ഡോളർ പ്രവാഹം തുടർന്നാൽ വിനിമയ നിരക്ക്72.30 വരെ മെച്ചപ്പെടാം.

Latest News