Sorry, you need to enable JavaScript to visit this website.

സുഗന്ധവ്യഞ്ജന കാർഷിക മേഖല ആശങ്കയിൽ

കപ്പൽ കൂലി ഉയർന്നതിനെതുടർന്ന്, കയറ്റുമതിക്കാർ സുഗന്ധവ്യഞ്ജന സംഭരണം കുറച്ചത് കുരുമുളകിനെ തളർത്തി. ആഗോള സുഗന്ധവ്യഞ്ജന വിപണി ക്രിസ്മസ്, ന്യൂ ഇയർ വാങ്ങലിന് ഒരുങ്ങവേ തുറമുഖത്ത് കണ്ടെയ്‌നർ ക്ഷാമവും കപ്പൽ കൂലിയിലുണ്ടായ വർധനയും കാർഷിക മേഖലയിൽ ആശങ്ക തീർത്തു. രാജ്യാന്തര വിപണിയിൽ ഇതര ഉൽപാദന രാജ്യങ്ങളുമായുള്ള കടുത്ത മത്സരങ്ങളെ മറികടന്ന് പുതിയ ഓർഡറുകൾ പിടിച്ചെടുക്കാൻ കയറ്റുമതിക്കാർ ഇനി ഏറെ ക്ലേശിക്കേണ്ടിവരും. യുഎസ,് യൂറോപ്പ് കടത്ത് കൂലയിലുണ്ടായ വർധന ഉൽപന്ന വിലയിൽ പ്രതിഫലിക്കുന്നതോടെ ഇറക്കുമതി രാജ്യങ്ങൾ നമ്മുടെ ഉൽപന്നങ്ങളിൽ നിന്ന് അകലാം. 
 ജനുവരി, ജൂലൈ കാലയളവിൽ കോവിഡ് ഭീതിയിൽ ഇറക്കുമതിക്കാർ രംഗത്ത് നിന്ന് അകന്നതിനാൽ ഇറക്കുമതിക്കാരുടെ ഗോഡൗണുകളിൽ കാര്യമായി ഉൽപന്നങ്ങൾ സ്‌റ്റോക്കില്ല. ഡിസംബർ വരെ സുഗന്ധവ്യഞ്‌നങ്ങൾക്ക് കൂടുതൽ ഓർഡറുകൾ വിപണി കണക്ക് കൂട്ടിയെങ്കിലും ചരക്ക് കൂലിയിലുണ്ടായ വർധന സ്ഥിതിഗതികൾ സങ്കീർണ്ണമാക്കും. 
ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5675 ഡോളറിൽനിന്ന് 5785 ഡോളർ വരെ വാരമധ്യം  ഉയർന്നു. ഇതിനിടയിൽ വാങ്ങൽ താൽപര്യം കുറഞ്ഞതോടെ ആഭ്യന്തര വില 42,200 രൂപയിൽ നിന്ന് 41,800 ലേയ്ക്ക് ഇടിഞ്ഞു. പെട്ടെന്നുള്ള 400 രൂപയുടെ ഇടിവ് കാർഷിക മേഖലയെ സമ്മർദ്ദത്തിലാക്കി. മലേഷ്യയുടെ വില 6025 ഡോളറാണ്. ഇന്തോനേഷ്യ ടണ്ണിന് 200 ഡോളർ ഉയർത്തി 4288 ഡോളറാക്കി. വിയറ്റ്‌നാമും 4125 നും ബ്രസീലും 3950 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
സംസ്ഥാനത്തെ മാർക്കറ്റുകളിൽ ടയർ കമ്പനികൾ സജീവമാണ്. മഴ വീണ്ടും ശക്തിപ്രാപിച്ചത് ടാപ്പിങ് തടസപ്പെടുത്തി. ലഭ്യത ഉയരുമെന്ന് വ്യവസായികൾ കണക്ക് കൂട്ടുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ അവരുടെ പ്രതീക്ഷകൾ തകർത്തു. ഉൽപാദന മേഖലയും നിരാശയിലാണ്, ഒരു വശത്ത് സാമ്പത്തിക ഞെരുക്കം കൂടുതൽ രൂക്ഷമാക്കുന്നതിനാൽ വെട്ട് പരമാവധി ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ കനത്തത് തിരിച്ചടിയായി. ഷീറ്റിന് മാത്രമല്ല, ലാറ്റക്‌സിനും ക്ഷാമം നേരിട്ടു.  
നാലാം ഗ്രേഡ് റബർ 18,100 രൂപയിൽനിന്ന് 17,950 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡിന് 100 രൂപ കുറഞ്ഞ് 17,400-17,800 രൂപയായി. ഒട്ടുപാൽ കിലോ 126 ൽ നിന്ന് 125 ലേക്ക് താഴ്ന്നപ്പോൾ  ലാറ്റക്‌സ് 126 ൽ നിന്ന് 122 ലേക്ക് ഇടിഞ്ഞു. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 13,663 രൂപയിലാണ്.  
നാളികേരോൽപന്നങ്ങളുടെ വില സ്‌റ്റെഡി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര വെളിച്ചെണ്ണ ഉൽപാദകർ കൊപ്ര സംഭരണം കുറച്ചു. അതേ സമയം വിപണി വിലയെക്കാൾ അൽപ്പം ഉയർത്തി ചരക്ക് സംഭരണത്തിന് വ്യവസായികൾ നീക്കം നടത്തിയെങ്കിലും കാര്യമായി ചരക്ക് ലഭിച്ചില്ലെന്നാണ് സൂചന. തമിഴ്‌നാട്ടിൽ കൊപ്ര 10,200 ലും എണ്ണ 14,900 ലുമാണ്. മാസാരംഭമായിരുന്നിട്ടും പ്രദേശികമായി വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 16,800 രൂപയിലും കൊപ്ര 10,450 രൂപയിലുമാണ്. 
ഏലം വിളവെടുപ്പ് പുരോഗമിച്ചു. എന്നാൽ ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവിൽ വർധനവില്ല. ഉൽപാദനം ചുരുങ്ങിയത് ലഭ്യതയെ ബാധിച്ചു. ഉത്സവ സീസൺ മുന്നിലുള്ളതിനാൽ കുതിപ്പ് സംഭവിക്കുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖല. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും രംഗത്തുണ്ടെങ്കിലും അവർ വില ഉയർത്താൻ താൽപര്യം കാണിച്ചില്ല. വണ്ടൻമേട്ടിൽ വാരമധ്യം മികച്ചയിനങ്ങൾ കിലോ 1800 രൂപ വരെ കയറിയെങ്കിലും വാരാന്ത്യം നിരക്ക് 1379 ലേയ്ക്ക് ഇടിഞ്ഞു. ശരാശരി ഇനങ്ങൾ 1049 രൂപ.  
കേരളത്തിൽ സ്വർണം മുന്നേറ്റം തുടരുന്നു. ഓഗസ്റ്റ് ആദ്യ പകുതിയിൽ 34,560 രൂപയിൽ തുടങ്ങിയ ബുൾ റാലിയിൽ ബുള്ളിയൻ മാർക്കറ്റ് ഇതിനകം 35,600 രൂപ വരെ എത്തി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1818 ഡോളറിൽ നിന്ന് 1830 ഡോളറായി. പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ ഡോളറിന് നേരിട്ട തിരിച്ചടി സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു.

Latest News