ബംഗാളില്‍ മറ്റൊരു ബിജെപി എം.എല്‍.എ കൂടി പാര്‍ട്ടി വിടുന്നു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എമാരുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. കാളിയഗഞ്ച് എം.എല്‍.എ സൗമന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതിനു പിന്നാലെ റായിഗഞ്ച് എം.എല്‍.എ കൃഷ്ണ കല്യാണി ബി.ജെ.പി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നു.ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിന് ബി.ജെ.പി നേതാക്കളുടെ മാര്‍ഗനിര്‍ദേശം ആവശ്യമില്ലെന്നും കൃഷ്ണ കല്യാണി പറഞ്ഞു. ഇദ്ദേഹവും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്നും അല്‍പം സാവകാശം തേടുകയാണെന്നുമാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

കൃഷ്ണയുടെ പിതാവ് പരേതനായ ദീന്‍ദയാല്‍ കല്യാണ് ടി.എം.സി നേതാവായിരുന്നു. ടി.എം.സി നേതാക്കളായിരുന്ന സുബേന്ദു അധികാരിയുമായും റജിഗ് ബന്ധോപദ്യായയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കൃഷ്ണ ഇരുവരും ടി.എം.സി വിട്ട് ബി.ജെ.പിയില്‍ എത്തിയതോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ഗഞ്ചില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു.ജില്ലാ ബി.ജെ.പി നേതാക്കള്‍ താനുമായി ബന്ധപ്പെടുകയോ പാര്‍ട്ടി പരിപാടികള്‍ അറിയിക്കുകയോ ചെയ്യാറില്ലെന്ന് കൃഷ്ണ കല്യാണി പറഞ്ഞു. ഇത് അവഹേളിക്കുന്നതിനു തുല്യമാണെന്നും മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ നോര്‍ത്ത് ദിനാജ്പുര്‍ ബി.ജെ.പി പ്രസിഡന്റ് ബസുദേവ് സര്‍കാര്‍ പാര്‍ട്ടിയില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവകാശപ്പെട്ടു.

 

Latest News