Sorry, you need to enable JavaScript to visit this website.

അടുത്ത നോവലെഴുതാന്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് സല്‍മാന്‍ റുഷ്ദി

ലണ്ടന്‍- തന്റെ അടുത്ത നോവലിന്റെ കഥാപരിസരം മുഴുവന്‍ ഇന്ത്യയാണെന്നും ഇതിനായി ഇന്ത്യയിലേക്ക് വീണ്ടും വരുമെന്നും ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. ടൈംസ് ലിറ്റ്‌ഫെസ്റ്റില്‍ സംസാരിക്കവെയാണ് ബുക്കര്‍ പ്രൈസ് ജേതാവായ ബ്രിട്ടീഷ്-അമേരിക്കന്‍ എഴുത്തുകാരനായ റുഷ്ദി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി പടിഞ്ഞാറ് അടിസ്ഥാനമാക്കിയുള്ള നോവലുകളാണ് എഴുതി വന്നത്. ഇവയുടെ കഥാപരിസരം കൂടുതലായും അമേരിക്കയും കുറച്ച് ഇംഗ്ലണ്ടുമാണ്. ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സമയമായി എന്ന് കരുതുന്നു. അടുത്ത പുസ്തകം ഒരു ഇന്ത്യന്‍ നോവലായിരിക്കും-റുഷ്ദി പറഞ്ഞു.

എഴുത്ത് തുടങ്ങിയിട്ടേ ഉള്ളൂവെന്നും കൂടുതല്‍ എഴുതാന്‍ ഇന്ത്യയിലേക്ക് വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന ബുക്കര്‍ നേടിയ രചനയെ അടിസ്ഥാനമാക്കി ദീപ മേത്ത സംവിധാന ചെയ്ത മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന സിനിമയുടെ പ്രചരണത്തിനായി 2013ലാണ് ഒടുവില്‍ റുഷ്ദി ഇന്ത്യയിലെത്തിയത്. 

1988ല്‍ സാത്തനിക് വേഴ്‌സസ് എന്ന പുസ്തകം എഴുതിയതിനു ശേഷം രാജ്യാന്തര തലത്തില്‍ റുഷ്ദിക്കെതിരെ വലിയ പ്രതിഷേധവും വധഭീഷണിയും ഉണ്ട്. അതിനു ശേം ഇന്ത്യയിലേക്കുള്ള വരവും അദ്ദേഹം പരിമിതപ്പെടുത്തി. 1947ല്‍ മുംബൈയില്‍ ജനിച്ച റുഷ്ദി തന്നെ വിശേഷിപ്പിക്കാറുള്ളത് ബോംബെ ബോയ് എന്നാണ്.
 

Latest News