മുസ്ലിം വിദ്വേഷ വീഡിയോ: ട്രംപ് ക്ഷമ ചോദിച്ചു 

ലണ്ടന്‍- ബ്രിട്ടനിലെ ഫാസിസ്റ്റ്, വംശീയ പ്രസ്ഥാനമായ ബ്രിട്ടന്‍ ഫസ്റ്റ് പോസ്റ്റ് ചെയ്ത മുസ്്‌ലിം വിദ്വേഷ വീഡിയോകള്‍ ട്വീറ്റ് ചെയ്തതില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്ഷമ ചോദിച്ചു. താന്‍ വംശീയ വാദിയല്ലെന്നും ഇസ്്‌ലാമിക ഭീകരതക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കുന്നയാളായതു കൊണ്ടാണ് പോസ്റ്റുകള്‍ റീ ട്വീറ്റ് ചെയ്തതെന്നും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ബ്രിട്ടന്‍ ഫസ്റ്റിന്റെ വംശീയ വിദ്വേഷ വീഡിയോകള്‍ അംഗീകരിച്ചുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്ത ട്രംപിന്റെ നടപടി വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. ബ്രിട്ടന്‍ ഫസ്റ്റ് എന്ന സംഘടനയെ കുറിച്ച് വ്യക്തമായി അറിയില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. 
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി വളരെ നല്ല ബന്ധമാണെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ നടപടിയെ നേരത്തെ തെരേസ മേ അപലപിച്ചിരുന്നു. ബ്രിട്ടന്‍ ഫസ്റ്റ് എന്ന സംഘടന ഭീകര വംശീയ സംഘനയാണെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്്‌ലിം വിദ്വേഷം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തയാറാക്കിയ മൂന്ന് വീഡിയോ ക്ലിപ്പുകളാണ് ട്രംപ് റിട്വീറ്റ് ചെയ്തിരുന്നത്. വിദ്വഷ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ദേശീയ വാദി നേതാവ് ജയ്ദ ഫ്രാന്‍സണാണ് ഇവ ആദ്യം സമൂഹ മാധ്യമങ്ങൡ പ്രചരിപ്പിച്ചത്. പ്രധാനമന്ത്രി തെരേസ മേ ഇതിന് പരസ്യമായി അപലപിക്കുകയും ചെയ്തു. 
മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന പിയേഴ്‌സ് മോര്‍ഗന്റെ ചോദ്യത്തിന് അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ മറുപടി. ട്രംപ് ആദ്യമായി നല്‍കിയ രാജ്യാന്തര അഭിമുഖമാണിത്. 
കഴിഞ്ഞ നവംബറില്‍ വിവാദ മെസേജുകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ബ്രിട്ടന്‍ ഫസ്റ്റ് സംഘടനയെ കുറിച്ച് അറിയാമായിരുന്നില്ലെന്ന് ഗുഡ് മോണിംഗ് ബ്രിട്ടന്‍ പരിപാടിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. കുറച്ച് വായിച്ചിരുന്നു എന്നതൊഴിച്ച് ഇപ്പോഴും സംഘടനയെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലായതു കൊണ്ട് അവരെ കുറിച്ച് കൂടുതല്‍ വായിക്കാനും അറിയാനും സാധിച്ചിട്ടില്ല. ബ്രിട്ടനില്‍ അത് വലിയ സംഭവമായിരിക്കാം. പക്ഷേ അമേരിക്കയില്‍ അവര്‍ വലിയ ചര്‍ച്ചയായിട്ടില്ല.-ട്രംപ് പറഞ്ഞു. 
ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരസ മേയുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. 


 

Latest News