രമേശ് ചെന്നിത്തലയെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എത്തി

ആലപ്പുഴ- പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഹൗസിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഉച്ചക്ക് ശേഷം ഇവിടെയെത്തിയ പ്രതിപക്ഷ നേതാവിനെ രമേശ് ചെന്നിത്തലയും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും പുനസംഘടനയുടെ അടുത്തഘട്ടങ്ങളിലും ചര്‍ച്ച നടത്തി മുന്നോട്ട് പോകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യസമൂഹവും കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും തിരിച്ച് വരവ് ആഗ്രഹിക്കുകയാണ്. ജനാധിപത്യ സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അതില്‍ അഭിപ്രായസമന്വയം ഉണ്ടാക്കി മുന്നോട്ട് പോകുകയാണ് വേണ്ടത്. നിലവിലുള്ളത് കുടുംബങ്ങളിലെ സഹോദരങ്ങള്‍ തമ്മിലുള്ള പരിഭവങ്ങള്‍ മാത്രമാണ്. സി.പി.എമ്മിലും ബി.ജെ.പിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസിലേത് മാത്രം വലിയ കാര്യമായി കാണേണ്ടതില്ല. പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സതീശന്‍ പറഞ്ഞു.
ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് നല്ല കാര്യമാണെന്നും യു.ഡി.എഫിനേയും കോണ്‍ഗ്രസിനേയും കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഒപ്പമുണ്ടായിരുന്നു.

 

Latest News