ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ അച്ഛനെതിരെ കേസെടുത്തു; വിനയായത് ബ്രാഹ്‌മണ വിരുദ്ധ പരാമര്‍ശം

റായ്പൂര്‍- ബ്രാഹ്‌മണ സമുദായത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബഘേലിന്റെ അച്ഛന്‍ നന്ദ കുമാര്‍ ബഘേലിനെതിരെ പോലീസ് കേസെടുത്തു. സര്‍വ് ബ്രാഹ്‌മിണ്‍ സമാജ് എന്ന സംഘടനയാണ് മുഖ്യമന്ത്രിയുടെ 86കാരനായ അച്ഛനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അച്ഛന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ആരും നിയമത്തിനു മുകളിലല്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ബ്രാഹ്‌മണര്‍ വിദേശികളാണെന്നും അവരെ ബഹിഷ്‌ക്കരിക്കണമെന്നും മുഖ്യമന്ത്രിയുടെ അച്ഛന്‍ ആഹ്വാനം ചെയ്‌തെന്നാണ് സംഘടനയുടെ പരാതി. ബ്രാഹ്‌മണരെ ആരും നാട്ടിലേക്ക് അടുപ്പിക്കരുതെന്നും അവരെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നും അദ്ദേഹം അഹ്വാനം ചെയ്തതായും സര്‍വ ബ്രാഹ്‌മിണ്‍ സമാജ് ആരോപിക്കുന്നു.

Latest News