താലിബാനില്‍ അധികാര വടംവലി, ബറാദറിന് വെടിയേറ്റെന്ന് റിപ്പോര്‍ട്ട്

കാബൂള്‍- രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന അഫ്ഗാനിസ്ഥാനില്‍ പാളയത്തില്‍പട. രാജ്യം നിയന്ത്രണത്തിലാക്കി മൂന്നാഴ്ചയായിട്ടും അധികാരവടംവലി മൂലം താലിബാന് ഭരണം തുടങ്ങാനായിട്ടില്ല. സര്‍ക്കാരിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുള്‍ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചെടുത്തെങ്കിലും സര്‍ക്കാര്‍ രൂപീകരണം നടന്നില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ്  താലിബാന്‍ പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള തര്‍ക്കമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാനകത്ത് നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ രൂക്ഷമായത്. തീവ്ര നിലപാടുകാരായ ഹഖാനി ശൃംഖലയുടെ തലവന്‍, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരില്‍ ഒരാളായ മുല്ല അബ്ദുള്‍ ഗനി ബറാദറും തമ്മില്‍ അധികാര തര്‍ക്കമുണ്ടായി എന്നും പരസ്പരം വെടിവെപ്പ് ഉണ്ടായതായുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ബറാദറിന് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ പാകിസ്ഥാനില്‍ ചികിത്സയിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

 

Latest News