ദമാമില്‍ ഹൂത്തി മിസൈല്‍ അവശിഷ്ടങ്ങള്‍വീണ് രണ്ട് പേര്‍ക്ക് പരിക്ക്, 14 വീടുകള്‍ക്ക് കേടുപാട്

ദമാം- സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അറബ് സഖ്യസേന തകര്‍ത്ത ഹൂത്തി മിസൈല്‍, ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍  തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ദമാമില്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് 14 വീടുകള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/09/05/damam2.jpg
സമാധാന ചര്‍ച്ചയിലേക്ക് വരണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥനകള്‍ വകവെക്കാതെ ശനിയാഴ്ച ഹൂത്തികള്‍ സൗദി അറേബ്യക്കുനേരെ തുടര്‍ച്ചയായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. എല്ലാ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ചു തന്നെ തകര്‍ക്കാന്‍ സൗദി സഖ്യസേനക്ക് സാധിച്ചു.
ദമാമിനു പുറമെ, ശനിയാഴ്ച രാത്രി വൈകി തെക്കുപടിഞ്ഞാറന്‍ നഗരമായ നജ്‌റാനുനേരേയും രണ്ടാമത്തെ മിസൈല്‍ അയച്ചിരുന്നു. രാത്രി 9.23 ന് ജിസാനിലേക്ക് വന്ന മിസൈലും സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
ശനിയാഴ്ച പകല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് മൂന്ന് ഹൂത്തി ഡ്രോണുകള്‍ സഖ്യസേന വെടിവെച്ചിട്ടിരുന്നു.

 

 

 

Latest News