ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഇ-റിക്ഷാ യാത്രക്കിടെ ഉച്ചത്തിലുള്ള പാട്ട് എതിര്‍ത്ത യുവാവിനെ സഹയാത്രികരായ രണ്ടു പേര്‍ കുത്തിക്കൊന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ദലിപ് എന്ന 26കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതികളായ ലവ കുമാര്‍ (21), ദീപക്(23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ ഗാര്‍ഡനിലെ ഗാന്ധി ചൗക്കില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30ഓടെയാണ് പോലീസിനു വിവരം ലഭിച്ചത്. പോലീസ് എത്തിയപ്പോഴേക്കും മാരകമായി കുത്തേറ്റ യുവാവി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. ദ്വാരകയിലെ ഒരു മാളില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ആളാണ് കൊല്ലപ്പെട്ട ദലിപ്. നെഞ്ചിലും അടിവയറ്റിലും തുടയിലുമാണ് ദലിപിന് കുത്തേറ്റത്.
സംഭവത്തിനു ദൃക്‌സാക്ഷിയായ വാച്മാന്‍ ഗോപാല്‍ ആണ് പ്രതികളെ പിടികൂടിയത്. യുവാവിനെ ഒരാള്‍ മര്‍ദിക്കുകയും മറ്റൊരാള്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റ് ദിലീപ് നിലത്ത് വീണതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടന്‍ ഗോപാല്‍ ഇവരെ തടയുകയും ഒരാളെ പിടിച്ചുവയ്ക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് മുങ്ങിയ പ്രതിയെ പിടികൂടുകയും ചെയ്തു.
റിക്ഷയില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനെതിരെ ചോദ്യം ചെയ്യുകയും ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞ് മോശംഭാഷയില്‍ സംസാരിക്കുകയും ചെയ്തതിനാണ് ദലിപിനെ മര്‍ദിച്ചതെന്നാണ് പ്രതികളിലൊരാളായ ലവ കുമാറിന്റെ മൊഴി. ഗാന്ധി ചൗക്കില്‍ എല്ലാവരും ഇറങ്ങിയപ്പോഴാണ് വാഗ്വാദം രൂക്ഷമായതും കത്തിക്കുത്ത് ഉണ്ടായതും.