അതിഥികളായി 10 രാഷ്ട്രത്തലവന്മാര്‍; രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷം 

ന്യൂദല്‍ഹി- 10 ദക്ഷിണേഷ്യന്‍ രാഷ്ട്ര തലവന്‍മാരെ സാക്ഷി നിര്‍ത്തി ഇന്ത്യയുടെ സൈനിക ബലവും സാംസ്‌കാരിക പൈതൃകവും വിളിച്ചോതി 69-ാമത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ്. ചരിത്രത്തില്‍ ആദ്യമായാണ് 10 രാഷ്ട്രത്തലവന്‍മാര്‍ ഈ ദിനത്തില്‍ അതിഥികളായി ഒന്നിച്ചെത്തിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ് പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി 10 മുഖ്യാതിഥികളേയും സ്വീകരിച്ചു. തുടര്‍ന്ന് രാജ്പഥില്‍ പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളുടെ പ്രകടനത്തോടെ തുടക്കം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സാംസ്‌കാരിക വൈവിധ്യവും കരുത്തു പ്രകടിപ്പിക്കുന്ന പ്ലോട്ടുകള്‍ അവതരിപ്പിച്ചു. 

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 10 രാഷ്ട്രത്തലവന്‍മാരുടെ സാന്നിധ്യം കണക്കിലെടുത്ത് ദല്‍ഹിയിലുടനീളം 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് വരുന്ന മറ്റു സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെയാണിത്. രാവിലെ 10.35 മുതല്‍ 12.15 വരെ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ അനുമതിയില്ല.

ദല്‍ഹിക്കു പുറമെ സംസ്ഥാന തലസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലെ എംബസികളിലും പ്രത്യേക പരിപാടികള്‍ നടന്നു.


 

Latest News