Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 30ന്; മുഖ്യമന്ത്രി മമത മത്സരിക്കും

ന്യൂദല്‍ഹി- പശ്ചിമ ബംഗാളിലെ സംസേര്‍ഗഞ്ച്, ജാനഗിപൂര്‍, ഭബാനിപൂര്‍ മണ്ഡലങ്ങളിലും ഒഡീഷയിലെ പിപ്‌ലിയിലും സെപതംബര്‍ 30 ഉപതെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിനാണ്. ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു. വിവിധ സംസ്ഥാനങ്ങളിലായി 31 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇവിടങ്ങളിലെ പ്രഖ്യാപനം മാറ്റി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷ കണക്കിലെടുത്താണ് ബംഗാളില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ തോറ്റ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പദവിയില്‍ തുടരണമെങ്കില്‍ ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. ഈ ഭരണഘടനാ നിര്‍ബന്ധാവസ്ഥ കണക്കിലെടുത്താണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭബാനിപൂര്‍ മണ്ഡലത്തിലാണ് മമത മത്സരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനത്തിനു പിന്നാലെ ദക്ഷിണ കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ മമതയ്ക്ക് വോട്ട് തേടിയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. നേരത്തെ 10 വര്‍ഷമായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് മമതയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ശോഭന്‍ദേവ് ഛത്തോപാധ്യയ് ആണ് ജയിച്ചത്. മമതയ്ക്ക് വഴിയൊരുക്കാനായി അദ്ദേഹം രാജിവെക്കുകയും ചെയ്തു.
 

Latest News