പാലക്കാട് സ്‌കൂളില്‍  ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തി

പാലക്കാട്- റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപന മേധാവികളാണു ദേശീയ പതാക ഉയര്‍ത്തേണ്ടതെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളി പാലക്കാട് ജില്ലയിലെ കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തി. 
ആര്‍.എസ്.എസ് മാനേജ്മെന്റിനു കീഴിലുള്ള സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ അധികൃതരെ കൂടാതെ കുമ്മനം രാജശേഖരനടക്കമുള്ള ബിജെപി, ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തു. ഇന്നു മുതല്‍ ഈ സ്‌കൂളില്‍ നടക്കുന്ന മൂന്നു ദിവസത്തെ ആര്‍.എസ്.എസ് സംസ്ഥാന പരിശീലീന ക്യാമ്പില്‍ മോഹന്‍ ഭഗവത് മുഴുവന്‍ സമയവും പങ്കെടുക്കും. സംഘ്പരിവാര്‍ സംഘടനകളില്‍ നിന്നുള്ള 8000 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 
പോലീസ് ഒരുക്കിയ വന്‍ സുരക്ഷയില്‍ രാവിലെ 9.10-നാണ് പതാക ഉയര്‍ത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനായി മോഹന്‍ ഭഗവത് ഇന്നലെ രാത്രി 11.30-നാണ് ഇവിടെ എത്തിയത്. 
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയതും അതിനെതിരെ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ദേശീയ തലത്തില്‍ വിവാദമായിരുന്നു.


 

Latest News