ജിദ്ദ - റോഡുകളിലൂടെ നടന്നുപോകുന്നതിനിടെ വനിതകളുടെ വാനിറ്റി ബാഗുകൾ പിടിച്ചുപറിക്കുന്നത് പതിവാക്കിയ രണ്ടംഗ സംഘത്തെ ജിദ്ദയിൽ നിന്ന് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്.
ബൈക്കുകളിൽ കറങ്ങിയും മോഷ്ടിച്ച് കൈക്കലാക്കിയ രണ്ടു കാറുകളിൽ സഞ്ചരിച്ചുമാണ് പ്രതികൾ പിടിച്ചുപറികൾ നടത്തിയിരുന്നത്. മോഷ്ടിച്ച കാറുകൾ പ്രതികളുടെ പക്കൽ നിന്ന് സുരക്ഷാ വകുപ്പുകൾ വീണ്ടെടുത്തു. നിയമ നടപടികൾക്ക് ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.