Sorry, you need to enable JavaScript to visit this website.

മരിച്ചാലും മരിക്കാത്ത കുഞ്ഞഹമ്മദ് ഹാജി

ഏറനാടിന്റെ മണ്ണ് ചുവന്നത് അവിടത്തെ ജന്മിമാർ മുറുക്കിത്തുപ്പിയതു കൊണ്ടായിരുന്നില്ല, സ്വാതന്ത്ര്യ ദാഹികളുടെ ചുടുചോര വീണിട്ടായിരുന്നു. എല്ലാവർക്കും അറിയാവുന്ന, പലരും സാക്ഷ്യപ്പെടുത്തിയ ചരിത്ര സത്യമാണത്.

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐ.സി.എച്ച്.ആർ) ചെയർമാൻ ആയിരുന്ന ഡോ. എം.ജി.എസ്. നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീരനായ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. കുറച്ചു കാലത്തേക്കാണെങ്കിലും ചോര ചിന്തിയ സമരത്തിലൂടെ ബ്രിട്ടീഷുകാരെ മലബാറിൽനിന്ന് മാറ്റിനിർത്തി വാരിയൻകുന്നത്തിന്റെ നേതൃത്വത്തിൽ നാട് ഭരിച്ചു. ഇപ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് വാരിയൻകുന്നത്തും ആലി മുസ്‌ലിയാരും ഉൾപ്പെടെയുള്ള ധീരരക്തസാക്ഷികളുടെ പേരുകൾ വെട്ടാൻ ഐ.സി.എച്ച്.ആർ ആലോചിക്കുമ്പോൾ അതിന്റെ മുൻ മേധാവിയുടെ വാക്കുൾക്ക് ഏറെ പ്രസക്തി ഉണ്ട്. യുഗപ്രഭാവനായ ജവാഹർലാൽ നെഹ്റുവിന്റെ പേർ പോലും വെട്ടാൻ ആലോചിക്കുന്നവർക്ക് ഇതിനപ്പുറവും ആവാമല്ലോ.
2019 മാർച്ചിൽ (രണ്ടു വർഷം മുമ്പ്) കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയം രക്തസാക്ഷികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു വിവരണ രേഖ പ്രസിദ്ധീകരിച്ചിരുന്നു. 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടു'. ഈ അഞ്ചു വാല്യ പുസ്തകം തയാറാക്കിയത് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ. പ്രകാശനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടി വീരമൃത്യു വരിച്ച ആളാണെന്ന് പുസ്തകം വ്യക്തമാക്കുന്നു. 1922 ജനുവരിയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വെടിവെച്ചു കൊന്നു. ഒരു ഹിന്ദുവും ഹാജിയെ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്ന് ഓർക്കണം. ജനഹൃദയങ്ങളിലാണ് അദ്ദേഹവും കൂട്ടാളികളും ജീവിക്കുന്നത്. ഒരു നിഘണ്ടുവിൽനിന്ന് വെട്ടിയാലൊന്നും ആ പേരുകൾ മാഞ്ഞുപോകില്ല. അത് വീണ്ടും ചേർക്കപ്പെടുക തന്നെ ചെയ്യും. 
ഒരു തലമുറ രക്തവും ജീവനും ജീവിതവും നൽകി നയിച്ച വിമോചന സ്വാതന്ത്ര്യ സമരം നിസ്സാരവൽക്കരിക്കാനുള്ള അവിവേകം ഐ.സി.എച്ച്.ആറിൽനിന്ന് ഉണ്ടായത് തന്നെ അൽപത്വമാണ്. എന്തു തരം ഗവേഷണമാണ് അവർ നടത്തുന്നതെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഏറനാടിന്റെ വീരേതിഹാസങ്ങളായി ചരിത്രം ഏറ്റുവിളിച്ചു തലമുറകളെ രോമാഞ്ചമണിയിച്ച സമാനതകളില്ലാത്ത ഒരു സ്വാതന്ത്ര്യ സമരമായിരുന്നു അവർ നയിച്ചത്. ഏറനാടിന്റെ മണ്ണ് ചുവന്നത് അവിടത്തെ ജന്മിമാർ മുറുക്കിത്തുപ്പിയതുകൊണ്ടായിരുന്നില്ല, സ്വാതന്ത്ര്യ ദാഹികളുടെ ചുടുചോര വീണിട്ടായിരുന്നു. എല്ലാവർക്കും അറിയാവുന്ന, പലരും സാക്ഷ്യപ്പെടുത്തിയ ചരിത്ര സത്യമാണത്. മലബാർ പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന കെ. മാധവൻ നായർ, കോൺഗ്രസ് നേതാക്കളായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോൻ, കെ.പി. കേശവ മേനോൻ തുടങ്ങിയ സമകാലികരായ പലരും സത്യാവസ്ഥ രേഖപ്പെടുത്തിയവരത്രേ. 
പതിനാലു കൊല്ലം ജയിൽ ശിക്ഷ വിധിക്കപ്പെട്ട നാരായണ മേനോൻ കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. എല്ലാ സമരങ്ങളിലെയും പോലെ എവിടെയൊക്കെയോ ചില പാളിച്ചകൾ വന്നിട്ടുണ്ട്. എല്ലായിടത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലും ഫ്രഞ്ച്-റഷ്യൻ വിപ്ലവങ്ങളിലും അത് കാണാം. മതവിദ്വേഷം പുലർത്തുന്നവരാണ് കള്ളക്കഥകൾ രചിക്കുന്നതും പ്രചരിപ്പിക്കുന്നതും. അവരുടെ വെറുപ്പിന്റെ രാഷ്ട്രീയവും മനോഭാവവും വ്യക്തമാണ്. അതൊരു ഹിന്ദു-മുസ്‌ലിം കലാപമായി വളച്ചൊടിച്ചത് ബ്രിട്ടീഷുകാരാണ്. ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടതും ദുരിതങ്ങൾ പേറിയതും മുസ്‌ലിംകൾ ആയിരുന്നു. അവരെ ക്രൂര മർദനങ്ങൾക്ക്് വിധേയമാക്കിയത് ബ്രിട്ടീഷുകാരാണ്. ഹിന്ദുക്കൾ ആയിരുന്നില്ല. മുൻവിധിയോടെ സമീപിക്കുന്നവരോട് തർക്കിക്കുന്നതിൽ അർഥമില്ല.
സംഭവം സംബന്ധിച്ച് ഇന്ത്യാ സെക്രട്ടറിക്ക് വൈസ്രോയ് ലോർഡ് റീഡിംഗ് അയച്ച രഹസ്യ റിപ്പോർട്ട് ബ്രിട്ടീഷ് ആർക്കൈവ്‌സിൽനിന്ന് കണ്ടെടുത്തത് ഒരു വാരിക ഈയിടെ അതേപടി പ്രസിദ്ധീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് സർക്കാരിനെതിരിൽ നടന്ന ലഹള അടിച്ചമർത്തിയത് മാത്രമല്ല, ഭാവിയിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഐക്യപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുത്തതും അതിൽ വിശദീകരിക്കുന്നുണ്ട്. മതവിദ്വേഷം വളർത്തി ഭിന്നിപ്പിക്കുക എന്ന നീച കുതന്ത്രം. ഇത് പുതിയ ഒരാശയമായിരുന്നില്ല. മുമ്പ് കണ്ടെടുത്ത ബ്രിട്ടീഷ് രേഖകളിലും ഈ രീതിയിൽ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. 1888 മാർച്ച് 26 ന് ഇന്ത്യാ സെക്രട്ടറി ജോർജ് ഫ്രാൻസിസ് ഹെമിൽട്ടൺ വൈസ്രോയ് കഴ്‌സൻ പ്രഭുവിന് എഴുതിയത്, ഇന്ത്യയിലെ ബുദ്ധിജീവികളെ രണ്ടു വിഭാഗങ്ങളായി ഭിന്നിപ്പിച്ചാൽ മാത്രമേ നമ്മുടെ സ്ഥാനം ശക്തിപ്പെടുത്താൻ സാധിക്കൂ എന്നാണ്. 
മലബാർ കലാപത്തെ ഗാന്ധിജി പിന്തുണക്കാതിരുന്നത് അതൊരു സായുധ കലാപമായിരുന്നതുകൊണ്ടാണ്. ഭഗത് സിംഗിന്റെ ജീവൻ രക്ഷിക്കാൻ ഗാന്ധിജി ശ്രമിക്കാതിരുന്നതും ഇതേ കാരണത്താലായിരുന്നു. കൂട്ട മതപരിവർത്തനമൊന്നും ഉണ്ടായിരുന്നില്ല. മതംമാറ്റം ഉണ്ടായിരുന്നെങ്കിൽ തിരിച്ചുപോകാൻ അവസരം നൽകി സാമൂതിരി രാജാവ് ഓഫീസ് തുറന്നിരുന്നു. ഇസ്‌ലാം മതം സ്വീകരിച്ച ചുരുക്കം ചിലർ വന്നപ്പോൾ അവരോട് പൂർവ മതത്തിലേക്ക് തിരിച്ചുപോകാൻ നിർദേശിച്ചുവത്രേ. എന്നാൽ അവർക്ക് പൂർവ മതം ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് അവർ ഒരു മതത്തിൽ ചേർന്നത്. തിരിച്ചുപോകാൻ താൽപര്യമുണ്ടായിരുന്നില്ല. ഇത് പ്രധാനമായും അന്നത്തെ സാമൂഹ്യ വ്യവസ്ഥയായിരുന്നു. കലാപവുമായി ബന്ധപ്പെട്ടതായിരുന്നില്ല. നിർബന്ധ മതപരിവർത്തനത്തിന് വിധേയരായ പത്തു കുടുംബത്തെയെങ്കിലും എടുത്തു കാണിക്കാമോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല.
1971 ൽ മലബാർ കലാപത്തിന്റെ 50 ാം വാർഷികം ആഘോഷിച്ചത് ഓർമയുണ്ട്. സമരത്തിൽ പങ്കെടുത്തവരും ദൃക്‌സാക്ഷികളുമായ പലരും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. അന്ന് അവർ ആരും പറയാത്ത കാര്യങ്ങൾ ആണ് നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്തു ചിലർ പറയുന്നത്. കലാപത്തെക്കുറിച്ച് അമ്മമാരും മുത്തശ്ശിമാരും പറഞ്ഞതായി പ്രചരിക്കുന്ന പലതും അവർ നേരിട്ട് കണ്ടതോ അനുഭവിച്ചതോ ആയിരുന്നില്ല. കേട്ടുകേൾവികൾ മാത്രം. കലാപത്തെ വർഗീയവൽക്കരിക്കുന്നവർ പലപ്പോഴും എടുത്തു കാണിക്കാറുള്ളത് കുമാരനാശാന്റെ കവിതയാണ്.  'ദുരവസ്ഥ' എന്ന കവിതാ സമാഹാരത്തിൽ ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവ ചോരയെക്കുറിച്ച് പരാമർശങ്ങളുണ്ട്. നൂറ് കൊല്ലം മുമ്പ് ഇതെഴുതുമ്പോൾ വാർത്താ സംവിധാനങ്ങൾ കുറവായിരുന്നു. എല്ലാം ബ്രിട്ടീഷ് നിയന്ത്രണത്തിൽ. യഥാർഥ വിവരങ്ങൾ അറിയാതെ ഊഹാപോഹങ്ങളും കള്ളക്കഥകളും അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. സഹോദരൻ അയ്യപ്പനും സീതി സാഹിബും അദ്ദേഹത്തെ സത്യം ബോധ്യപ്പെടുത്തിയെന്നും തിരുത്താൻ ഒരുങ്ങുന്നതിനിടയിൽ ആശാന്റെ മരണം സംഭവിച്ചെന്നും ചരിത്രകാരൻ ഡോ. എം.എസ്. ജയപ്രകാശ് രേഖപ്പെടുത്തിയിട്ടുണ്ട്. 
ആശാന്റെ മരണ വിവരം തന്നെ അന്നത്തെ വാർത്താ പരിമിതിക്ക് ഉദാഹരണം. 1924 ജനുവരി 16 ന് അദ്ദേഹം ആലപ്പുഴയിലെ പല്ലനയാറിൽ മുങ്ങിമരിച്ചപ്പോൾ ആറാം ദിവസമാണ് കോഴിക്കോട് മാതൃഭൂമിയിൽ ആ വാർത്ത വന്നത്. തിരുവനന്തപുരം നസ്രാണി ദീപികയിൽ (ഇന്നത്തെ ദീപിക പത്രം) പതിനേഴാമത്തെ ദിവസവും. ആശാൻ അന്ന് തിരുവിതാംകൂർ പ്രജാസഭയിൽ (ഇന്നത്തെ അസംബ്ലി) അംഗം ആയിരുന്നു എന്നു കൂടി ഓർക്കണം.
ഇ.എം.എസ് നമ്പൂതിരിപ്പാട് 1971 ൽ വെളിപ്പെടുത്തിയ കാര്യം കൂടി പറയാം. അന്ന് പ്രായം പത്തു വയസ്സ്. ലഹള സംബന്ധിച്ച പലതും കേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബം സുരക്ഷക്ക് വേണ്ടി പാലക്കാട് ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ലഹള കഴിഞ്ഞപ്പോൾ തിരിച്ചു പോകുന്നതിൽ കാര്യമില്ല എന്ന് പലരും ഉപദേശിച്ചു. ഏലംകുളം മനയിൽ ഇനി ഒന്നും ബാക്കിയില്ല, എല്ലാം മാപ്പിളമാർ കൊള്ളയടിച്ചു എന്നെല്ലാം പലരും പറഞ്ഞു. എല്ലാം തട്ടിയെടുക്കാനുള്ള ചിലരുടെ ശ്രമമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. തിരിച്ചു ചെന്നപ്പോൾ എല്ലാം അങ്ങനെ തന്നെ ഉണ്ട്. ഉമ്മറത്തുവെച്ച കോളാമ്പി പോലും ആരും കൊണ്ടുപോയിട്ടില്ല. കള്ളക്കഥയുടെ ഒരു രൂപം അദ്ദേഹം വിവരിക്കുകയായിരുന്നു. കോഴിക്കോട് ടൗൺ ഹാളിൽ ഇ.എം.എസിന്റെ പ്രസംഗം നേരിട്ട് കേട്ടതാണ്.
വാരിയൻകുന്നത്തിന്റെ സമ്പൂർണ ജീവിതം സിനിമയാക്കുന്നുവെന്ന് സമീപകാലത്തു വാർത്ത വന്നപ്പോൾ പലരും ഇളകി. സമാന്തര സിനിമ എടുക്കുമെന്ന് പറഞ്ഞ് എതിർവിഭാഗവും വന്നു. ബാങ്ക് അക്കൗണ്ട് തുറന്ന് ധനശേഖരണവും തുടങ്ങി. സിനിമ ആവിഷ്‌കാരവും കലയും മാത്രമല്ല, വ്യവസായവും കൂടിയാകുമ്പോൾ വിവാദങ്ങൾ ആവശ്യമാണല്ലോ. കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമ മുമ്പ് വന്നിട്ടുണ്ട്. 33 വർഷങ്ങൾക്ക് മുമ്പ് 1988 ൽ ടി. ദാമോദരൻ രചിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത '1921' എന്ന ചിത്രം. അന്ന് ഇല്ലാതിരുന്ന വിവാദം ഇപ്പോൾ എന്തിനാണ്? അൽപം പോലും സഹിഷ്ണുത ഇല്ലാത്തവരാണ് എതിർപ്പുമായി വരുന്നത്. നാട്ടിലെ സമാധാനവും സൗഹൃദവും തകർക്കുന്ന രീതിയിലാണ് അവർ പെരുമാറുന്നത്. വികാരമല്ല, വിവേകമാണ് നമുക്ക് വേണ്ടത്.
രാജ്യത്തിനു വേണ്ടി പൊരുതി മരിച്ച കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന്റെ മഹിമ നാം അംഗീകരിക്കണം. ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഒരു തവണയേ കൊന്നുള്ളൂ. ഇവിടെ ഇപ്പോൾ അദ്ദേഹം നിത്യവും കൊല ചെയ്യപ്പെടുകയാണ്. എന്തായാലും അദ്ദേഹത്തിന് മരണമില്ല. ആ മഹനീയ വ്യക്തിത്വങ്ങളെ കുറിച്ച് നാം ശരിക്കും പഠിക്കണം. മതവിദ്വേഷം പുലർത്തി സത്യം വളച്ചൊടിക്കരുത്.


 

Latest News