Sorry, you need to enable JavaScript to visit this website.

അംബാനിയുടെ വീടിനടുത്ത് ബോംബ് വച്ചതും വാഹന ഉടമയെ കൊന്നതും പോലീസ് ഉദ്യോഗസ്ഥന്‍ വാസെ എന്ന് എന്‍ഐഎ

മുംബൈ- റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വീടായ ആന്റിലയ്ക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ എസ്.യു.വി കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പോലീസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സചിന്‍ വാസെ കുറ്റക്കാരനാണെന്ന് എന്‍ഐഎ. അംബാനിയുടെ വീടിനു നേരെ ബോംബു ഭീഷണിയും സ്‌കോര്‍പിയോ ഉടമയെ കൊലപ്പെടുത്തിയതും വാസെയുടെ ആസൂത്രണമായിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പ്രതികളായ മറ്റു പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ മാനെ, റിയാസുദ്ദീന്‍ കാസി, വിനായക് ഷിന്‍ഡെ എന്നിവരും സന്തോഷ് ഷെലാര്‍, നരേഷ് ഗോര്‍, ആനന്ദ് ജാദവ്, മനീഷ് സോണി, സതീഷ് മോഠ്കുറി എന്നിവരും കുറ്റക്കാരാണെന്ന് കുറ്റപത്രം പറയുന്നു. ഇവരുള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം ഭീകരക്കുറ്റം ചുമത്തിയിട്ടുണ്ട്. 

ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിനു സമീപം ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച സ്‌കോര്‍പിയോ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. പത്തു ദിവസത്തിനു ശേഷം ഈ സ്‌കോര്‍പിയോ ഉടമയായ താനെയിലെ വ്യവസായി മന്‍സുഖ് ഹിരണിനെ കല്‍വ കടലിടുക്കില്‍ കൊന്നു തള്ളിയ നിലയിലും കണ്ടെത്തുകയായിരുന്നു. മുംബൈ പോലീസ് എപിഐ ആയിരുന്ന മുഖ്യപ്രതി സചിന്‍ വാസെ ആണ് ഈ കേസ് ആദ്യം അന്വേഷിച്ചത്. സംശയങ്ങള്‍ ഉയര്‍ന്നതോടെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പിന്നീട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി. ശേഷമാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. 

സംഭവത്തിന്റെ ഗൂഢാലോചനയുടെ ഓരോ ഘട്ടത്തിലും സചിന്‍ വാസെയ്ക്കു പങ്കുള്ളതായി വ്യക്തമായി തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ പറയുന്നു. സ്‌കോര്‍പിയോ അംബാനിയുടെ വീടിനു സമീപം കൊണ്ടു വന്ന് നിര്‍ത്തിയത് വാസെ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനു മുമ്പ് വാസെ കൊല്ലപ്പെട്ട മന്‍സുഖ് ഹിരണിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഹിരണിനെ കൊലപ്പെടുത്തിയതിലും വാസെയ്ക്ക് പങ്കുണ്ടെന്നും എന്‍എന്‍എ പറയുന്നു. 

9000 പേജുകളുള്ള കുറ്റപത്രമാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. 200 സാക്ഷികളുണ്ട്. ഇവരില്‍ ഏറെ പേരും പോലീസുകാരാണ്. ഹിരണിന്റെ കുടുംബാംഗങ്ങളും 20 സംരക്ഷിത സാക്ഷികളും ഉണ്ട്. കൂടാതെ സിസിടിവി ദൃശ്യങ്ങള്‍, കോള്‍ ഡേറ്റ റെക്കോര്‍ഡുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയ രേഖകളും സീല്‍ ചെയ്ത കവറില്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 

Latest News