സമാന്തര എക്‌സ്‌ചേഞ്ച് കേസ് പ്രതിക്ക്  സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന്  ഇ.ഡി

കോഴിക്കോട്- സമാന്തര എക്‌സ്‌ചേഞ്ച് കേസ് പ്രതി റസലിന് സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വര്‍ണ്ണം കടത്തിയതായി റാസല്‍ മൊഴി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റസല്‍ വെളിപ്പെടുത്തി. 
അതേസമയം, കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍.ഐ.എ കോഴിക്കോടതി വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം തെളിവുകള്‍ ശേഖരിച്ചത്. സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട്  നല്‍കിയിരുന്നു. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങള്‍ സംശയാസ്പദമാണ്. ചൈന, പാക്കിസ്ഥാന്‍, ദുബായ് തുടങ്ങി രാജ്യങ്ങള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത്തരം ബന്ധങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ സംഘം കോഴിക്കോട്ടെത്തിയത്. ക്രൈംബ്രാഞ്ച് എ.സി.പി ടി. ശ്രീജിത്തുമായി എന്‍.ഐ.എ സംഘം കൂടിക്കാഴ്ച നടത്തി. ബംഗളുരു സമാന്തര എക്‌സ്‌ചേഞ്ച് കേസിലെ പ്രതികളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച തെളിവുകള്‍ എന്‍.ഐ.എക്ക് കൈമാറി.കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീര്‍, ബേപ്പൂര്‍ സ്വദേശി ഗഫൂര്‍, പെറ്റമ്മല്‍ സ്വദേശി കൃഷ്ണപ്രസാദ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസില്‍ അറസ്റ്റിലായ ഇബ്രാഹിമില്‍ നിന്നാണ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയത്.

Latest News