പ്രധാനമന്ത്രി മോഡി യുഎസിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ന്യൂദല്‍ഹി- ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് സന്ദര്‍ശനത്തിന് പുറപ്പെടുമെന്ന് റിപോര്‍ട്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിനു ശേഷമുള്ള മോഡിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. മോഡി-ബൈഡന്‍ നേരിട്ടുള്ള കൂടിക്കാഴ്ചയും നടക്കും. നേരത്തെ ചതുര്‍ രാഷ്ട്ര ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും ജി7 ഉച്ചകോടിയിലും വെല്‍ച്വലായി മോഡി-ബൈഡന്‍ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. ജി7 ഉച്ചകോടിക്കായി മോഡി ബ്രിട്ടനിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര റദ്ദാക്കുകയായിരുന്നു. യുഎസ് സന്ദര്‍ശനത്തിന് സെപ്തംബര്‍ 22 മുതല്‍ 27 വരെയാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ മാറിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. ബൈഡനു പുറമെ മറ്റു യുഎസ് ഉന്നതരേയും മോഡി കാണുമെന്നാണ് സൂചന.

2019 സെപ്തംബറിലാണ് അവസാനമായി മോഡി യുഎസ് സന്ദര്‍ശിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ ആയിരുന്നു ഇത്. അവിടെ നടന്ന 'ഹൗഡി മോഡി' പരിപാടി മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിനു വേണ്ടിയുള്ള പ്രചരണ പരിപാടിയായും മാറിയിരുന്നു. ഇവിടെ പ്രസംഗിക്കവെ 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് മോഡി പറഞ്ഞതും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയും ഡെമോക്രാറ്റ് നേതാവ് ബൈഡന്‍ പ്രസിഡന്റാകുകയും ചെയ്തു. വിദേശ രാജ്യത്ത് പോയി അവിടെ തെരഞ്ഞെടുപ്പില്‍ പക്ഷംപിടിച്ചതിന് പ്രധാനമന്ത്രി മോഡിക്കെതിരെ ഇന്ത്യയിലെ നയതന്ത്ര വിദഗ്ധരും വിമര്‍ശനം ഉന്നയിച്ചിരുന്നു.
 

Latest News