Sorry, you need to enable JavaScript to visit this website.

യുപി പോലീസ് രണ്ടു മാസം തിരഞ്ഞ 13കാരിയെ ദല്‍ഹി പോലീസ് രണ്ടു ദിവസം കൊണ്ട് കണ്ടെത്തി

ന്യൂദല്‍ഹി- യുപിയിടെ ഗൊരഖ്പൂരില്‍ നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടു മാസം അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതില്‍ യുപി പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടിയെ കണ്ടെത്താന്‍ രണ്ട് മാസം കുടി അധിക സമയം ചോദിച്ചതോടെ കേസ് അന്വേഷണം കോടതി കഴിഞ്ഞയാഴ്ച ദല്‍ഹി പോലീസിനു കൈമാറുകയായിരുന്നു. ദല്‍ഹി പോലീസ് ഈ പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടു പോയ ആളേയും രണ്ടു ദിവസത്തിനുള്ളില്‍ കണ്ടെത്തുകയും ചെയ്തു. 

ജൂലൈ എട്ടിനാണ് പെണ്‍കുട്ടിയെ കാണാതായത്. രണ്ടു മാസമായിട്ടും പോലീസിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ചയാണ് കോടതി അന്വേഷണം ദല്‍ഹി പോലീസിനു കൈമാറിയത്. കേസ് അന്വേഷണത്തിന് ദല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം കേസ് അന്വേഷണ രേഖകളും യുപി പോലീസ് വ്യാഴാഴ്ച ദല്‍ഹി പോലീസിനു കൈമാറി. ദല്‍ഹി പോലീസ് അന്വേഷണം സംഘം കൊല്‍ക്കത്തയില്‍ നിന്ന് തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടു പോയ ആളേയും പിടികൂടുകയും ചെയ്തു. 

യുപി പോലീസിന്റെ അവസ്ഥയാണ് ഇതു കാണിക്കുന്നതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയെ അമ്മയ്ക്ക് വിട്ടു നല്‍കണമെന്നും ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഋഷികേഷ് റോയ്, സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ദല്‍ഹി പോലീസിനോട് നിര്‍ദേശിച്ചു.
 

Latest News